കോഴിക്കോട്ട് സ്ത്രീകള്‍ക്കായി മഹിളാ മാള്‍ ഒരുങ്ങുന്നു
കോഴിക്കോട്: ഷോപ്പുകള്‍ തുറക്കുന്നതു മുതല്‍ അടക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് വനിതകള്‍. പുരുഷന്മാര്‍ക്ക് ഇവിടെ ഉപഭോക്താക്കളായി മാത്രം വരാം. ഇങ്ങനെ വനിതകള്‍ മാത്രം നേതൃത്വം നല്‍കുന്ന മഹിളാ മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു. വയനാട് റോഡില്‍ ഫാത്തിമാ ആശുപത്രിക്കു മുന്‍വശത്തുള്ള ആറ് നില കെട്ടിടത്തിലാണ് മാള്‍ ഒരുങ്ങുന്നത്. കോര്‍പറേഷന്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തിലാണ് 36000 സ്വകയര്‍ ഫീറ്റില്‍ മാള്‍ വരുന്നത്.
രണ്ടു മാസത്തിനകം മാള്‍ പ്രവര്‍ത്തനമാരംഭിക്കും. ഷോപ്പിങ്ങിനൊപ്പം വിശ്രമത്തിനും വിനോദത്തിനുമെല്ലാം ഇവിടെ ഇടമുണ്ടാവും. ജില്ലയിലെ 50ല്‍ പരം കുടുംബശ്രീ സംരംഭങ്ങളുടെ ഉല്‍പന്നങ്ങള്‍ ഇവിടെ ലഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കു പുറമെ വനിതാ സൊസൈറ്റികള്‍ക്കും സ്വകാര്യ വനിതാ സംരംഭകര്‍ക്കും ഇവിടെ ഷോപ്പുകള്‍ തുടങ്ങാം. സൂപ്പര്‍ മാര്‍ക്കറ്റ്, ഐ.ടി കോര്‍ണര്‍, കിഡ്‌സ് പാര്‍ക്ക്, കാര്‍ വാഷിങ്, എ.ടി.എം, മിഡ്‌നൈറ്റ് കഫേ, സ്പാ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, മിനി വാട്ടര്‍ യൂനിറ്റ്, വെളിച്ചെണ്ണ യൂനിറ്റ് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ടാവും. സ്ത്രീകള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനത്തിനുള്ള കേന്ദ്രവുമുണ്ട്. കുടുംബശ്രീയുടെ സോയ് ചോക്‌ലേറ്റ് ഉള്‍പ്പെടെയുള്ള പ്രത്യേക ഉല്‍പന്നങ്ങളും ഈ മാളില്‍ കിട്ടും. ജില്ലാ കുടുംബശ്രീമിഷന്റെയും കോര്‍പറേഷന്റെയും സഹകരണത്തിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. 25 മുതല്‍ ഷോപ്പുകള്‍ക്കുള്ള ബുക്കിങ് കോര്‍പറേഷന്‍ കുടുംബശ്രീ ഓഫിസില്‍ ആരംഭിക്കും. ഫോണ്‍ : 9447637621.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."