കടലാക്രമണത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാകുന്നു രണ്ടു ദിവസത്തിനിടെ തകര്‍ന്നത് നാലു വള്ളങ്ങള്‍
കയ്പമംഗലം: കയ്പ്പമംഗലത്ത് കടല്‍ക്ഷോഭത്തില്‍ വള്ളങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാകുന്നു. രണ്ട് ദിവസത്തിനിടെ തകര്‍ന്നത് നാല് വള്ളങ്ങളാണ്. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. അത്ഭുതകരമായാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്. വഞ്ചിപ്പുര കടപ്പുറത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ മൂന്ന് വള്ളങ്ങളാണ് കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ ആറു മണിയോടെയാണ് സംഭവം. വഞ്ചിപ്പുരയില്‍ നിന്നും 300 മീറ്റര്‍ അകലെ വെച്ചാണ് വലിയ തിരമാലയില്‍പ്പെട്ട് വള്ളങ്ങള്‍ മറിഞ്ഞത്. മരണത്തെ മുഖാമുഖം കണ്ട മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് ഇവര്‍ക്കു കരയിലേക്കെത്താന്‍ കഴിഞ്ഞത്. എന്‍ജിനും വലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
അപകടത്തില്‍ പരുക്കേറ്റ കൈതവളപ്പില്‍ രാജേഷ്(34), പോണത്ത് ഷാജികുമാര്‍(52), കോഴിപറമ്പില്‍ സുരേഷ്കുമാര്‍(47) എന്നിവരെ മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയിരൂര്ചോതി, ഗണേശന് മുറിവള്ളം, സജീവന് മുറിവള്ളം എന്നീ വള്ളങ്ങളാണ് തകര്‍ന്നത്. ഒമ്പത് പേരാണ് വള്ളങ്ങളില്‍ ഉണ്ടായിരുന്നത്. ഏകദേശം എട്ട് ലക്ഷം രൂപയുടെ നഷ്ടമുള്ളതായി തൊഴിലാളികള്‍ പറഞ്ഞു. സംഭവമറിഞ്ഞ ഉടന്‍ തന്നെ ഇ.ടി ടൈസണ്‍ എം.എല്‍.എ സ്ഥലത്തെത്തി. ഫിഷറീസ് വകുപ്പില്‍ നിന്നും ധനസഹായം അനുവദിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. നാശനഷ്ട്ടത്തിന്റെ കണക്കുകള്‍ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്കി.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും വില്ലേജ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. ഇന്നലെയും കയ്പമംഗലത്ത് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ മുറിവള്ളം കടല്‍ക്ഷോഭത്തില്‍ മറിഞ്ഞു. തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിനിറങ്ങിയ ശിവപ്രിയ എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. മത്സ്യബന്ധനം കഴിഞ്ഞ് തിരികെവരുമ്പോള്‍ വള്ളം തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. മറ്റു വള്ളക്കാര് ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി കരയിലേക്കെതിച്ചു.അഭിലാഷ് കോഴിപറമ്പില്‍, ജോഷി പള്ളത്ത്, പ്രദീപ് തൈക്കാട്ട് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. വള്ളത്തിനും, വലക്കും, എന്‍ജിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."