മഴയില്‍ കുതിര്‍ന്ന് ശുചീകരണം; വെട്ടിലായി ജനം
കൊച്ചി: കാലവര്‍ഷത്തിന് മുന്നോടിയായുള്ള ശുചീകരണം വേനല്‍ മഴയില്‍ കുതിര്‍ന്നതോടെ ജനം വെട്ടിലായി. കാനകളില്‍നിന്ന് കോരിയിട്ട ചെളിയും മലിനജലവുമെല്ലാം റോഡില്‍ പരന്നൊഴുകിയതോടെ കാല്‍നട യാത്ര പോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. സാധാരണഗതിയില്‍ കാലവര്‍ഷത്തിനു മുന്നോടിയായി മെയ് മാസത്തില്‍ കാനകളും മറ്റും വൃത്തിയാക്കാറുണ്ട്. റോഡിലെ കുഴിയടക്കല്‍ ജോലിയും ഇതോടൊപ്പം നടക്കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം തുടര്‍ച്ചയായി പെയ്ത വേനല്‍ മഴ കോര്‍പ്പറേഷന്‍, നഗരസഭ, പഞ്ചായത്ത് അധികൃതരുടെയെല്ലാം കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പലസ്ഥലങ്ങളിലും ശുചീകരണ ജോലികള്‍ തുടങ്ങിയെങ്കിലും വേനല്‍ മഴയില്‍ ഇത് പാതിവഴിയില്‍ നിലച്ചു. കോരിയിട്ട ചെളിയും മറ്റും നീക്കം ചെയ്യാത്തത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തു.
സ്ലാബുകള്‍ ഇല്ലാത്ത കാനകളിലേക്കും മറ്റും ജനം പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നത് ആണ് ഏറ്റവും അധികം പ്രയാസം സൃഷ്ടിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യം ഒഴുക്ക് തടസ്സപ്പെടുത്തുന്നതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകുകള്‍ പെരുകുകയാണ്. ഇത് പകര്‍ച്ചപ്പനി വ്യാപിക്കുന്നതിനും കാരണമാകുന്നുണ്ട്. ഇക്കുറി പനിയുടെ സാധ്യത മുന്‍കൂട്ടിക്കണ്ട് ആരോഗ്യവകുപ്പ് കര്‍ശനമായ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വീടുകള്‍ സ്ഥാപനങ്ങള്‍ എന്നിവക്ക് സമീപമുള്ള തുറസായ സ്ഥലങ്ങളിലും മറ്റും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണമെന്നും കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണമെന്നും ആയിരുന്നു നിര്‍ദേശം. നഗരസഭകള്‍ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് പ്രത്യേക മൈക്ക് പ്രചരണവും നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വാര്‍ഡ് സഭകളിലെ മുഖ്യ വിഷയങ്ങളിലൊന്നും ഇതായിരുന്നു. ഇതൊക്കെയാണെങ്കിലും അധികൃതര്‍ നടത്തിയ ശുചീകരണം തന്നെ താളം തെറ്റിയതോടെ വിവിധ കേന്ദ്രങ്ങളില്‍ ജനരോഷം ഉയര്‍ന്നിരിക്കുകയാണ്. വേനല്‍മഴ കൂടി കണക്കിലെടുത്ത് ഏപ്രില്‍ ആദ്യമോ മറ്റോ ഇത്തരം ശുചീകരണങ്ങള്‍ കുറച്ചുകൂടി നേരത്തെ നടത്തിയിരുന്നെങ്കില്‍ ജനം ബുദ്ധിമുട്ടുകയില്ലായിരുന്നു.
ഇപ്പോള്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന പകര്‍ച്ചപ്പനിക്ക് ഒരു പരിധി വരെ ശമനം ഉണ്ടാക്കാന്‍ മുന്‍കൂട്ടിയുള്ള മഴക്കാലപൂര്‍വ ശുചീകരണം കൊണ്ട് സാധ്യമാവുകയും ചെയ്യുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."