വീടുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ് പണം നഷ്ടപ്പെട്ടവര്‍ തെരുവിലേക്ക്
പൊന്നാനി: ലക്ഷങ്ങള്‍ മുന്‍കൂറായി വാങ്ങി വീടുകള്‍ പണയത്തിനു നല്‍കാമെന്നു പറഞ്ഞ് കോടികളുടെ തട്ടിപ്പ്. പണം നഷ്ടപ്പെട്ടവര്‍ ദുരിതത്തില്‍. വിവിധ ആളുകളില്‍ നിന്ന് കോടികള്‍ കൈക്കലാക്കിയ വളവ് സ്വദേശി ചക്കരമാക്കല്‍ മുഹമ്മദ് എന്ന ഇടപാടുകാരന്‍ മുങ്ങിയതോടെയാണ് പണയത്തിനു വീടെടുത്തവര്‍ ദുരിതത്തിലായത്. പൊന്നാനിയിലും പരിസരങ്ങളില്‍ നിന്നുമായി 33 പേരില്‍ നിന്നാണ് ഇയാള്‍ ലക്ഷങ്ങള്‍ വാങ്ങി മുങ്ങിയത്. ഇയാളിപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി. പണം നഷ്ടപ്പെട്ടവര്‍ ഇയാളുടെ വീട്ടിലെത്തി ബഹളം വെച്ചെങ്കിലും ഭാര്യയും മക്കളും നിസഹായത പറഞ്ഞ് ഒഴിഞ്ഞു മാറിയതോടെ ഉന്നതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണിവര്‍.
ബില്‍ഡിങ് ഓണര്‍മാരുടെ ഒത്താശയോടെ വീടുകള്‍ വാടകക്ക് നല്‍കുന്നയാളാണ് ചക്കരമാക്കല്‍ മുഹമ്മദ്. ഇയാള്‍ ഇടപാടുകാരില്‍നിന്ന് മുന്‍കൂറായി ലക്ഷങ്ങള്‍ വാങ്ങിയിരുന്നു. ഓരോ മാസവും കൃത്യമായ തുക മാസവാടകയിനത്തില്‍ അടക്കാമെന്ന് ഉറപ്പു നല്‍കിയണ് ആറു ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ഇയാള്‍ വാങ്ങിയത്. എന്നാല്‍ കോടികള്‍ ഇത്തരത്തില്‍ സ്വന്തമായതോടെ ഇയാള്‍ സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടുകയും ഇരു നില വീടുകള്‍ പണിയുകയും ചെയ്തു. കൃത്യമായ വാടക കിട്ടാത്തതിനാല്‍ വീടിന്റെ ഉടമകള്‍ വീട് ഒഴിഞ്ഞുതരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. അഞ്ചു മാസത്തിലധികമായി വാടക ലഭിക്കുന്നില്ലെന്നാണ് കെട്ടിടയുടമ പറയുന്നത്. എന്നാല്‍ ഇയാളുടെ വീടും പുരയിടവും മറ്റൊരാള്‍ക്കു വിറ്റിരിക്കുന്നു എന്നാണ് പണം നഷ്ടപ്പെട്ടവര്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച വിവരം. ഈ മാസം ഏഴു മുതല്‍ ഇയാളുടെ മൊബൈല്‍ നമ്പറും പ്രവര്‍ത്തനരഹിതമാണ്.
തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പണം നഷ്ടപ്പെട്ടവര്‍ പൊന്നാനി പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദിനെ കണ്ടെത്തിയാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാമെന്നാണ് സി.ഐ ഇവരെ അറിയിച്ചിട്ടുള്ളത്.
സുഹറ മുഹമ്മദ്, ഗംഗാദേവി, ഫസലു, റസിയ, നൗഫല്‍, അബ്ദുറഹ്മാന്‍, മുഹമ്മദലി, ഖാലിദ്, ബാപ്പുട്ടി, അന്‍വര്‍, നൗഷാദ്, റഫീസ്, ജമീല, ആയിസീവി, സുഹറ, ആലിക്കോയ, ജമീല, ഉസൈന്‍, താഹിറ, റഹ്മത്ത്, ഫാത്വിമ, കമറുദ്ദീന്‍, സുബൈര്‍, നൗഷാദ്, അബ്ദുറഹ്മാന്‍, ഖദീജ, ലൈല, ഫാറൂഖ്, അയ്യൂബ്, റംല, ഹസീന, ഫാത്തിമ എന്നിവരാണ് പണം നഷ്ടപ്പെട്ട് പൊന്നാനി പൊലിസില്‍ പരാതി നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."