ജീവിക്കാനായി പന്നിയും പശുവും, പിന്നെ ആനയും
മരിയനാട്: 1985-മുതല്‍ 1997-വരെയുളള കാലം മരിയനാട് തോട്ടത്തിന്റെ പ്രതാപകാലമായിരുന്നു. തോട്ടം നടത്തിപ്പുകാരായ വനംവകുപ്പിന്റെ രേഖകളില്‍ തോട്ടം എന്നും നഷ്ടത്തിലായിരുന്നു. തോട്ടത്തില്‍ പണിയെടുപ്പിക്കേണ്ട സമയങ്ങളില്‍ വാച്ചര്‍ തുടങ്ങി താഴെക്കിടയിലുളള ഉദ്യോഗസ്ഥരെ മാത്രമേ ഇവിടെ ഉണ്ടാകാറുളളു. അതുകൊണ്ടുതന്നെ തോട്ടത്തില്‍ സമയാസമയങ്ങളില്‍ എടുപ്പിക്കേണ്ട പണികള്‍ കൃത്യമായി ചെയ്യാറില്ലായിരുന്നു. തൊഴിലാളികളുടെ നിര്‍ദേശപ്രകാരമായിരുന്നു പലപ്പോഴും തോട്ടത്തില്‍ പണികള്‍ നടന്നിരുന്നത്. കൃത്യമായ വളപ്രയോഗങ്ങളൊന്നും നടന്നില്ല.
തോട്ടം നത്തിപ്പിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുവാന്‍ ആരും ഉണ്ടായിരുന്നില്ല. കാടു നോക്കാന്‍ നടക്കുന്ന ഉദ്യോഗസ്ഥരില്‍ ബഹുഭൂരിപക്ഷത്തിനും കാപ്പി എന്താണെന്നുപോലും അറിയത്തില്ലായിരുന്നു. എന്നാല്‍ പ്രകൃതിയുടെ വരദാനമായി തോട്ടത്തിലെ കാപ്പിചെടികള്‍ പൂത്തുലഞ്ഞ് കായ്ച്ചു. വയനാട്ടിലെ മറ്റേതൊരു കാപ്പിത്തോട്ടത്തിനോടും കിടപിടിക്കുന്ന വിളവായിരുന്നു മരിയനാട് തോട്ടത്തില്‍നിന്നും ലഭിച്ചത്.
എന്നാല്‍ ഈ വിളവുകളില്‍ ബഹുഭൂരിഭാഗവും പോയത് മറ്റു പലരുടെയും കീശകളിലേക്കായിരുന്നു. വനംവകുപ്പിന്റെ രേഖകളില്‍ ജോലിക്കാര്‍ക്ക് നല്‍കുന്ന കൂലിയുടെ വളരെ ചെറിയൊരംശം മാത്രമെ വിളവുകളില്‍നിന്നും തിരികെ ലഭിച്ചിരുന്നുളളു. തോട്ടത്തിന്റെ മേലാളാരെല്ലാം സമ്പന്നരായി. തോട്ടം നല്ലൊരു വിളനിലമാണെന്ന തിരിച്ചറിവുണ്ടായതോടെ രാഷ്ട്രീയക്കാരും തൊഴിലാളികളെ സംഘടിപ്പിക്കുവാനും യൂനിയനുണ്ടാക്കുവാനും രംഗത്തെത്തി.
തോട്ടം ആരംഭിച്ച് പിറ്റേ വര്‍ഷംതന്നെ (1980)തൊഴിലാളി യൂനിയന്‍ നിലവില്‍ വന്നു. തോട്ടത്തിലെ തൊഴിലാളികളെ വനംവകുപ്പ് ചൂഷണം ചെയ്യുകയാണെന്ന നേതാക്കളുടെ വിശദീകരണം കൂടിയായതോടെ കാര്യങ്ങളുടെ പോക്ക് മറ്റു പല ദിശകളിലേക്കുമായി. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സൂചനാസമരങ്ങളൊക്കെ നടത്തിയെങ്കിലും ഇതിന്റെ പേരില്‍ തോട്ടം നശിക്കരുതെന്ന് തൊഴിലാളികള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വനംവകുപ്പിന്റെ ചൂഷണത്തിനെതിരെ പ്രതികരിക്കുമ്പോഴും ഇവര്‍ തോട്ടം നന്നായി പരിപാലിച്ചു. 1991-ല്‍ തൊഴിലാളികള്‍ വനംവകുപ്പ് തങ്ങള്‍ക്ക് നിഷേധിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ചു. 1995-ല്‍ തൊഴിലാളികള്‍ക്ക് അനുകൂലമായ വിധിയുണ്ടായി.
തോട്ടത്തില്‍ ജോലിചെയ്യുന്ന 139-തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും, ഇവര്‍ക്ക് നല്‍കുവാനുളള ആനുകൂല്യങ്ങള്‍ മുന്‍കാലപ്രാബ്യലത്തോടെ നല്‍കണമെന്നുമായിരുന്നു ഹൈക്കോടതി വിധിച്ചത്. കോടതി വിധിയെ തുടര്‍ന്ന് പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് ജനറലിന്റെ അധ്യക്ഷതയില്‍ യൂനിയന്‍ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തി. ഇതേ തുടര്‍ന്ന് മുന്‍കാല പ്രാബല്യമെന്ന ആവശ്യത്തില്‍ നിന്ന് തൊഴിലാളികള്‍ പിന്‍മാറി. തൊഴിലാളികളെ സ്ഥിരപ്പെടുത്തുകയും, 1995-മുതല്‍ 2000-വരെ ബോണസ് അടക്കമുളള ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു.
കോടതി വിധി വരുന്നതിന് മുന്‍പുളള കാലത്തെ ആനുകൂല്യങ്ങള്‍ പിന്നീട് നല്‍കാമെന്നായിരുന്നു അന്ന് ധാരണയായത്. തോട്ടം വന്‍ വിളവ് നല്‍കുവാന്‍ തുടങ്ങുകയും വേലിതന്നെ വിളവു തിന്നുവാന്‍ തുടങ്ങുകയും ചെയ്തതോടെ വനംവകുപ്പിലെ മേലുദ്യോഗസ്ഥര്‍ തമ്മില്‍ തോട്ടത്തിന്റെ അധികാരത്തിനായി വടംവലി തുടങ്ങി. രണ്ട് ഡി.എഫ്.ഒ-മാരായിരുന്നു ഇതിന് മുന്‍നിരയിലുണ്ടായിരുന്നത്. അന്നത്തെ സര്‍ക്കാരില്‍ പിടിപാടുണ്ടായിരുന്ന രണ്ടുദ്യോഗസ്ഥരെയും പ്രീതിപ്പെടുത്തുവാന്‍ കൃഷിയും വിളവെടുപ്പും രണ്ട് ഉദ്യോഗസ്ഥര്‍ക്കുമായി വീതിച്ചുകൊടുത്താണ് നേതാക്കള്‍ ഈ പ്രശ്‌നത്തില്‍നിന്നും തല ഊരിയത്.
ഇതോടെ തോട്ടം എങ്ങനെ നശിപ്പിക്കാമെന്ന വാശിയിലായി ഈ രണ്ട് ഉദ്യോഗസ്ഥരും. മൂന്ന് വര്‍ഷം കൊണ്ട് തോട്ടം അക്ഷരാര്‍ഥത്തില്‍ വനമായി മാറി. പണികള്‍ കൃത്യസമയത്ത് ചെയ്യാതായി, വളപ്രയോഗം നിലച്ചു. രേഖകളില്‍മാത്രം തോട്ടത്തില്‍ തകൃതിയായി പണികള്‍ നടക്കുന്നതായും, വളം വാങ്ങുന്നതായും എഴുതിവച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റി.
ഇതോടെ തോട്ടത്തെ പ്രത്യക്ഷമായി ആശ്രയിച്ചു കഴിഞ്ഞിരുന്ന 139-തൊഴിലാളികളും അവരുടെ കുടുംബങ്ങളും, പരോക്ഷമായി തോട്ടത്തെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 500-ഓളം കുടുംബങ്ങളും പട്ടിണിയിലായി. തോട്ടം മുഴുവന്‍ പുല്ലു നിറഞ്ഞതോടെ തൊഴിലാളികള്‍ പശു വളര്‍ത്തലിലേക്കും, ചിലര്‍ പന്നി വളര്‍ത്തലിലേക്കുംവരെ മാറി. ഇതിനിടെ തൊട്ടടുത്ത വനങ്ങളില്‍നിന്നും കാട്ടാനകള്‍കൂടി തോട്ടത്തിലെത്തി സ്ഥിരവാസമാക്കിയതോടെ തൊഴിലാളികള്‍ തോട്ടത്തിലിറങ്ങാതായി. ഇതോടെ മരിയനാട് കാപ്പിത്തോട്ടം സര്‍ക്കാര്‍ രേഖകളില്‍ മാത്രമായി.
തൊഴിലാളികളുടെ ദുരവസ്ഥ കേരള നിയമസഭയില്‍വരെ എത്തിയതോടെ സര്‍ക്കാര്‍, തോട്ടം കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പറേഷനെ (കെ.എഫ്.ഡി.സി) ഏല്‍പ്പിച്ചു. ഇതോടെ വെളുക്കാന്‍ തേച്ചത് പാണ്ടായെന്ന അവസ്ഥയായി. ഒരു സര്‍ക്കാര്‍ സംവിധാനത്തിന് എങ്ങനെയെല്ലാം വെട്ടിപ്പുകള്‍ നടത്താമെന്നതിന് കെ.എഫ്.ഡി.സി-യെ കണ്ടുപടിക്കണം. വകുപ്പിന്റെ തലപ്പത്തുളള ഉദ്യോഗസ്ഥര്‍ക്ക് തരിമ്പെങ്കിലും ആത്മാര്‍ഥതയുണ്ടായിരുന്നെങ്കില്‍ സംസ്ഥാനത്തിനു തന്നെ മാതൃകയാവേണ്ടതായിരുന്നു മരിയനാട് കാപ്പിത്തോട്ടം. ഒരു തോട്ടത്തിന് ആവശ്യമായ എല്ലാ ഭൗതീകസാഹചര്യങ്ങളും ഒത്തിണങ്ങിയ സ്ഥലം നശിപ്പിച്ച്, മുച്ചൂടും മുടിപ്പിച്ച കെ.എഫ്.ഡി.സി-യുടെ കഴിവുകേടിന് ഇരകളാവേണ്ടി വന്നത് 200-ഓളം തൊഴിലാളി കുടുംബങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."