സൗകര്യങ്ങളില്ലാതെ സുരക്ഷാ ഏജന്‍സികള്‍
വിഴിഞ്ഞം : മത്സ്യബന്ധന സീസണ്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കേണ്ട ഏജന്‍സികള്‍ മതിയായ സൗകര്യങ്ങളില്ലാതെ ആശങ്കയില്‍. ഒരു അത്യാഹിതമുണ്ടായാല്‍ കാര്യക്ഷമമായ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് തീരദേശ പൊലിസും ഫിഷറീസ് ഉദ്യോഗസ്ഥരും.
കടലില്‍ അപകടമോ സുരക്ഷാ ഭീഷണിയോ ഉണ്ടായാല്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ചുമതലപ്പെട്ട തീരദേശ പൊലിസിന് തിരമാലകളെ മുറിച്ച് കടക്കാന്‍ ശേഷിയുള്ള ഒരു നല്ല ബോട്ടു പോലുമില്ല. ആകെയുള്ള മൂന്ന് ബോട്ടും കട്ടപ്പുറത്തായിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു.ഇതില്‍ ഒരു ബോട്ട് അറ്റകുറ്റപ്പണി നടത്തി ജീവനും കൈയില്‍ പിടിച്ച് പട്രോളിങ് നടത്തേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. ഫിഷറീസിന് കീഴിലുള്ള മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനുള്ളത് ഇഴഞ്ഞ് നീങ്ങുന്ന ഒരു വാടക ബോട്ടാണ്.
വിഴിഞ്ഞത്ത് ആസ്ഥാന മന്ദിരമുള്ള തീരസംരക്ഷണസേനക്കാകട്ടെ രക്ഷാപ്രവര്‍ത്തനത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണമെങ്കില്‍ ഇപ്പോഴും കൊച്ചിയില്‍ നിന്നുള്ള നിര്‍ദ്ദേശം വരണം. ഉന്നതര്‍ ഇടപെട്ടാലും വിഴിഞ്ഞത്ത് കടലില്‍ ഇറക്കാന്‍ പാകത്തിലുള്ളത് ഒരു ചെറുകപ്പല്‍മാത്രം.നിലവില്‍ കടലിലിറങ്ങുന്നവരുടെ സുരക്ഷ അവരവര്‍ തന്നെ നോക്കേണ്ട സ്ഥിതിയാണ്.
ഓഖി ദുരന്തത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണം വിഴിഞ്ഞത്തെ രക്ഷാ സേനകള്‍ക്ക് സമയോചിതമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രിമാര്‍ അടക്കമുള്ളവര്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയത് പോലുമില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
അതിനിടെ ഓഖിക്കു ശേഷം തുടരെ തുടരെ മുന്നറിയിപ്പുകള്‍ വരുന്നത് തീരദേശത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ നിരന്തരമായി ജാഗ്രതാ മുന്നറിയപ്പുകള്‍ വന്നത് മത്സ്യത്തൊഴിലാളികളെ പട്ടിണിയുടെ വക്കത്ത് എത്തിച്ചിരിക്കുകയാണ്.
അഞ്ചു ദിവസത്തെ കൊടുങ്കാറ്റ് മുന്നറിയിപ്പ് അവസാനിച്ച ഉടനെ ഇന്നലെ വീണ്ടും എത്തിയ രണ്ടു ദിവസത്തേക്ക് കൂടിയുള്ള ജാഗ്രതാ നിര്‍ദ്ദേശം പലരും അവഗണിക്കുകയാണ് ചെയ്തത്. പട്ടിണികൊണ്ട് പൊറുതിമുട്ടിയിട്ടാണ് മുന്നറിയിപ്പുകളെ അവഗണിച്ച് കടലില്‍ പോകേണ്ടി വരുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
അപകടാവസ്ഥയുടെ രൂക്ഷത പറഞ്ഞ് ബോദ്ധ്യപ്പടുത്തി ഇവരില്‍ ചിലരെ വൈകുന്നേരത്തോടെ പിന്തിരിപ്പിച്ച് തീരത്തെത്തിക്കാന്‍ തീരദേശ പൊലീസിന് കഴിഞ്ഞെങ്കിലും ഇത് അവഗണിച്ച് പലരും കടലില്‍ പോയത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."