ജിഷവധം: അമീര്‍ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന നിഗമനത്തില്‍ പൊലിസ്
പെരുമ്പാവൂര്‍: ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഒറ്റയ്ക്ക് തന്നെയാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലിസ്. കേസ് നീണ്ടു പോകാനും തനിക്കൊരു കൂട്ടാളിയെകിട്ടാനും അമീറുല്‍ ബുദ്ധിപരമായി പറയുന്നതാണെന്നാണ് പൊലിസ് അനുമാനിക്കുന്നത്. എന്നാല്‍ കൊലപാതകത്തിന് ശേഷം മുറിയിലെത്തിയ പ്രതി അനാറുലിനോട് എല്ലാ വിവരങ്ങളും പറഞ്ഞതിനെ തുടര്‍ന്ന് കത്തിയും വസ്ത്രങ്ങളും ഒളിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടാകാമെന്നാണ് പൊലിസ് വിശ്വസിക്കുന്നത്. അമീറിനെ ഇവിടെ നിന്ന് രക്ഷപ്പെടുത്താന്‍ സഹായിച്ചതും അനാറുല്‍ ആയിരക്കാനാണ് സാധ്യത. കൊലപാതകത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞിട്ടാണ് ജിഷയുടെ വീട്ടില്‍ നിന്ന് അമീറുല്‍ പുറത്തിറങ്ങിയത്. അത് ജിഷയുടെ വീടിന് എതിര്‍വശത്തുള്ള ശ്രീലേഖയുടെ മൊഴിയില്‍ നിന്നു വ്യക്തമാണ്. ഇരുവരുമാണ് കൊലപാതകം നടത്തിയതെങ്കില്‍ പെട്ടെന്ന് പുറത്ത്കടക്കാന്‍ വ്യഗ്രത കാണിച്ചിരുന്നേനെ എന്നും പൊലിസ് കരുതുന്നു. സുഹൃത്ത് അനാറുമൊന്നിച്ചാണ് കൊല നടത്തിയതെന്ന് കഴിഞ്ഞ ദിവസം അമീര്‍ പൊലിസിന് മൊഴിനല്‍കിയിരുന്നു.
അതേസമയം അമീറുലിന്റെ പൊലിസ് കസ്റ്റഡി കാലാവധി 30ന് അവസാനിക്കും. എട്ട് ദിവസം പൊലിസ് കസ്റ്റഡിയില്‍ ഉണ്ടായ പ്രതിയില്‍നിന്നു കാര്യമായ വിവരങ്ങള്‍ പൊലിസിന് ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കാനാണ് നീക്കം. ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധു, ഷാഡോ എസ്.ഐ ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അസമില്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."