സൈക്കോളജിസ്റ്റിനെതിരായ പരാതി പൊലിസ് അട്ടിമറിച്ചു
തിരുവനന്തപുരം: പഠന വൈകല്യത്തിനുള്ള ചികിത്സക്കെത്തിയ വിദ്യാര്‍ഥിയെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പീഡിപ്പിച്ചുവെന്ന പരാതിയില്‍ പൊലിസ് നടപടിക്രമങ്ങള്‍ അട്ടിമറിച്ചുവെന്ന് ആക്ഷേപം.
പോക്‌സോ കേസുകളില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഈ സംഭവത്തില്‍ പാലിച്ചില്ലെന്നും ആരോപണ വിധേയനായ ഡോക്ടറെ സംരക്ഷിക്കുംവിധമുള്ള ഇടപെടലാണ് പൊലിസ് നടത്തിയതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പത്തുമാസം മുന്‍പ് നടന്ന സംഭവത്തില്‍ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയതൊഴിച്ചാല്‍ മറ്റു നടപടികളൊന്നുമുണ്ടായിട്ടില്ല. ആരോപണവിധേയനായ ഡോക്ടറെ ചോദ്യം ചെയ്‌തോയെന്നു പോലും വ്യക്തമല്ല.
2017 ഓഗസ്റ്റ് 14നാണു കേസിനാസ്പദമായ സംഭവമുണ്ടായത്. പഠനവൈകല്യത്തെ തുടര്‍ന്ന് സ്‌കൂളിലെ കൗണ്‍സിലറുടെ നിര്‍ദേശ പ്രകാരമാണ് കുട്ടി സൈക്കോളജിസ്റ്റായ ഡോ. ഗിരീഷിനെ കാണാനെത്തിയത്.
സ്വകാര്യ ക്ലിനിക്കിലെ പരിശോധനയ്ക്കിടെ കുട്ടിയോട് ഡോക്ടര്‍ ഒറ്റയ്ക്കു സംസാരിച്ചിരുന്നു. അതിനിടെ പീഡിപ്പിച്ചുവെന്നാണ് പരാതി.
സംഭവം അന്നു തന്നെ കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചിരുന്നു. ഫോര്‍ട്ട് പൊലിസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. ഓഗസ്റ്റ് 16ന് എഫ.്‌ഐ.ആറും രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ല. പൊലിസ് അനാസ്ഥക്കെതിരേ കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും എ.ഡി.ജി.പിക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഇതിനിടെ ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യത്തിനും ശ്രമിച്ചിരുന്നു. ഇതിനിടെ കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഡോക്ടറുടെ സുഹൃത്തുക്കള്‍ സമ്മര്‍ദം ചെലുത്തിയെന്നും കുട്ടിയുടെ മാതാവ് പറയുന്നു.
പോക്‌സോ കേസുകളില്‍ കേസിന്റെ വിശദാംശങ്ങള്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കണമെന്നു വ്യവസ്ഥയുണ്ടെങ്കിലും അതുമുണ്ടായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."