ചെങ്ങന്നൂരില്‍ പിന്തുണ തേടി യു.ഡി.എഫ് നേതാക്കള്‍ മാണിയുടെ വീട്ടില്‍
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ അഭ്യര്‍ഥിച്ച് യു.ഡി.എഫിന്റെ മുന്‍നിര നേതാക്കള്‍ പാലായിലെ കെ.എം മാണിയുടെ വസതിയിലെത്തി. ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, എം.എം ഹസന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
യു.ഡി.എഫിന് ചെങ്ങന്നൂരില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം രൂപീകരിച്ച 10 അംഗ സബ് കമ്മിറ്റി നാളെ രാവിലെ വിഷയം ചര്‍ച്ച ചെയ്യുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും പാര്‍ട്ടി ചെയര്മാന് കെ.എം മാണി പ്രതികരിച്ചു.
എല്ലാ സ്ഥാനാര്‍ഥികളും പിന്തുണ അഭ്യര്ഥിച്ചെത്തിയിരുന്നു. നയപരമായ കാര്യങ്ങള്‍ സബ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ പറയാനാവില്ല. നിഷേധാത്മക നിലപാട് ആരോടും ഇല്ലെന്നും കെ.എം മാണി പറഞ്ഞു.
ഇന്നലെ വൈകിട്ട് 4.20 ഓടെയാണ് യു.ഡി.എഫ് നേതാക്കള്‍ മാണിയുടെ വസതിയില്‍ എത്തിയത്. അടച്ചിട്ട മുറിയില്‍ കെ. എം മാണി, ജോസ് കെ. മാണി എന്നിവരുമായി നടത്തിയ ചര്‍ച്ച ഒന്നരമണിക്കൂറോളം നീണ്ടു. ചെങ്ങന്നൂരില്‍ പ്രചാരണരംഗത്തുണ്ടായിരുന്ന നേതാക്കള്‍ പെട്ടെന്നുള്ള തീരുമാനമനുസരിച്ചാണ് പാലായ്ക്ക് പുറപ്പെട്ടതെന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തിറങ്ങിയ രമേശ് ചെന്നിത്തല പറഞ്ഞു.
നാല് പതിറ്റാണ്ടിലേറെ യു.ഡി.എഫിനൊപ്പം നിന്ന കേരളാ കോണ്‍ഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങി വരണമെന്നാണ് ജനാധിപത്യ വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."