വകുപ്പുകളുടെ ഏകോപനം പദ്ധതികളുടെ വിജയത്തിന് അനിവാര്യം: ഐസക്
തിരുവനന്തപുരം: വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമായാലേ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുകയുള്ളൂവെന്ന് ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. പല കാര്യങ്ങളിലും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലാത്ത സ്ഥിതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന യുവജന കമ്മിഷന്‍ സംഘടിപ്പിച്ച മൂന്നു ദിവസത്തെ ദേശീയ സെമിനാര്‍'റീ റീഡിങ് ദി നേഷന്‍: പാസ്റ്റ് അറ്റ് പ്രസന്റി'ന്റെ സമാപന സമ്മേളനത്തില്‍ പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ തൊഴിലവസരങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നിലവിലുള്ള തൊഴിലുകളല്ല ആവശ്യം. നേടുന്ന വിദ്യാഭ്യാസയോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിലവസരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഇന്ന് സര്‍ക്കാര്‍ മുതല്‍ മുടക്കുന്നത് നാളെ ജോലി ചെയ്യാന്‍ പോകുന്നവര്‍ക്കു വേണ്ടിയാണ്.
അധികാരവികേന്ദ്രീകരണത്തിലൂടെ ഉണ്ടായ ഇടങ്ങളില്‍ ഇടപെടാന്‍ യുവജനങ്ങള്‍ തയാറാകുന്നുണ്ടോ എന്നതാണ് ചോദ്യം. അതിരപ്പിള്ളി പദ്ധതി വേണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായങ്ങള്‍ ഉണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകളിലൂടെ സമവായത്തിലെത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
പല മേഖലകളിലും വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ഇന്ത്യയെന്നും അവ എന്തൊക്കെയാണെന്നു മനസിലാക്കി വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ നമുക്കു സാധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ചൂണ്ടിക്കാട്ടി. ഊര്‍ജോല്‍പാദനത്തില്‍ ലോകത്തുതന്നെ ഏറ്റവും മുന്നിലെത്താന്‍ നമുക്കു സാധിക്കും.
സൂര്യപ്രകാശം, കാറ്റ്, തിരമാല തുടങ്ങിയവയും നമുക്ക് നന്നായി ഉപയോഗിക്കാനാകും. പക്ഷേ, ഇതൊന്നും ഇന്ത്യ ഇതുവരെ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."