എട്ട് അഭിഭാഷകര്‍, ഒന്‍പതു മണിക്കൂര്‍ നീണ്ട ക്രോസ് വിസ്താരം; വിചാരണക്കോടതിയില്‍ പൊട്ടിക്കരഞ്ഞ് സരിത
സുനി അല്‍ഹാദി
കൊച്ചി: സോളാര്‍ കേസ് പ്രതി സരിത എസ്.നായരെ എട്ടു അഭിഭാഷകര്‍ ചേര്‍ന്നു ഒന്‍പതു മണിക്കൂര്‍ നീണ്ട രഹസ്യ വിചാരണ നടത്തി. വിചാരണയ്ക്കിടെ സരിത പൊട്ടിക്കരയുകയും ചെയ്തു. തുടര്‍ന്ന് അല്‍പനേരം വിചാരണ നിര്‍ത്തിവച്ചു. സോളാര്‍ അഴിമതി അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് ജി. ശിവരാജന്റെ സാന്നിധ്യത്തില്‍ മാധ്യമങ്ങളെ ഒഴിവാക്കിയായിരുന്നു 'ഇന്‍ കാമറാ' വിചാരണ.
സരിത നേരത്തെ കമ്മിഷന് നല്‍കിയ കത്തില്‍ ആരോപണ വിധേയരായവരുടെ അഭിഭാഷകരാണ് സരിതയെ വിസ്തരിച്ചത്.
ഒട്ടേറെ നാടകീയതയ്‌ക്കൊടുവില്‍ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സരിത കമ്മിഷന്‍ മുന്‍പാകെ ഹാജരായത്. ഇതിനുമുന്‍പ് ഹാജരാകാതെ ഒഴിഞ്ഞുമാറിയിരുന്ന സരിതയ്‌ക്കെതിരേ കമ്മിഷന്‍ ജാമ്യമില്ലാ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്നലെ സരിത സ്വമേധയാ ഹാജരായത്.
രാവിലെ 11.20നാണ് രഹസ്യവിസ്താരം ആരംഭിച്ചത്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍ കുമാര്‍, മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ എം.പി ജോസ് കെ.മാണി, ഹൈബി ഈഡന്‍ എം.എല്‍.എ, ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ടെനി ജോപ്പന്‍, ജിക്കുമോന്‍ ജേക്കബ് എന്നിവരുടെ അഭിഭാഷകരാണ് ക്രോസ്‌വിസ്താരം നടത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ എസ്. ശ്രീകുമാര്‍ ക്രോസ്‌വിസ്താരം നടത്തുന്നതിനിടെയാണ് സരിത പൊട്ടിക്കരഞ്ഞത്. തുടര്‍ന്ന് വിസ്താരം നിര്‍ത്തിവച്ചു. പിന്നീട് കുറച്ചുകഴിഞ്ഞ് വിസ്താരം പുനരാരംഭിക്കുകയും ചെയ്തു.
സരിത പെരുമ്പാവൂര്‍ പൊലിസ് കസ്റ്റഡിയിലിരിക്കെ എഴുതിയ കത്തില്‍ ആരോപണവിധേയരായവരുടെ അഭിഭാഷകര്‍ക്കാണ് സരിതയെ ക്രോസ് വിസ്താരത്തിന് അനുമതി നല്‍കിയത്.
ഇന്നലെ സിറ്റിങ് ആരംഭിച്ചയുടന്‍ ഉമ്മന്‍ചാണ്ടിയുടെയും കെ.സി വേണുഗോപാലിന്റെയും അഭിഭാഷകരും ഇതേആവശ്യം ഉന്നയിച്ചതിനെ തുടര്‍ന്നാണ് രഹസ്യവിസ്താരത്തിന് കമ്മിഷന്‍ അനുമതി നല്‍കിയത്. കമ്മിഷന്‍ സിറ്റിങ് റൂമില്‍നിന്നു മാധ്യമപ്രവര്‍ത്തകരെയും മറ്റു അഭിഭാഷകരെയും പുറത്തിറക്കിയതിനുശേഷമാണ് വിസ്താരം ആരംഭിച്ചത്.
എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണിക്കും കമ്മിഷന്‍ അഭിഭാഷകന്‍ ഹരികുമാറിനും സിറ്റിങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി. ക്രോസ് വിസ്താരം രാത്രി എട്ടുമണിവരെ നീണ്ടു.
പഴയ കാര്യങ്ങള്‍ സംബന്ധിച്ച് കുത്തിക്കുത്തി ചോദിച്ചപ്പോഴാണ് വിസ്താരത്തിനിടെ താന്‍ കരഞ്ഞതെന്ന് സരിത പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."