എഴുത്തച്ഛന്‍
എഴുത്തച്ഛനെക്കുറിച്ച് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്തെഴുത്തച്ഛന്‍. മലപ്പുറം ജില്ലയില്‍ തിരൂരിലെ തൃക്കണ്ടിയൂരില്‍ ആണ് എഴുത്തച്ഛന്‍ ജനിച്ചത്.
എഴുത്തച്ഛന്റ യഥാര്‍ഥ നാമത്തെ സംബന്ധിച്ചും ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചും ഇന്നും പല വാദങ്ങളുണ്ട്. പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന എഴുത്തച്ഛന്റെ യഥാര്‍ഥ പേര് രാമാനുജന്‍ എഴുത്തച്ഛന്‍ എന്നാണ് വിശ്വസിക്കുന്നത്. കണിയാര്‍ സമുദായത്തിലെ എഴുത്താശാനായിരുന്നു അദ്ദേഹമെന്നു ചിലര്‍ വാദിക്കുന്നു. എന്നാല്‍ ജ്യോതിഷപണ്ഡിതനായ ഒരു ബ്രാഹ്മണന്റെ മകനായിരുന്നു എഴുത്തച്ഛന്‍ എന്നും പറയപ്പെടുന്നുണ്ട്.
എഴുത്തച്ഛന്‍ തന്റെ ഗുരുസ്ഥാനീയനായി കണ്ടിരുന്നത് ജ്യേഷ്ഠനായ രാമനെയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അനുജനായതിനാല്‍ അദ്ദേഹം രാമാനുജന്‍ എന്ന പേരു സ്വീകരിച്ചു എന്നും ഐതീഹ്യമുണ്ട്.
ജന്മസ്ഥലമായ തിരൂരില്‍ ഒരു പള്ളിക്കൂടം സ്ഥാപിച്ച് ധാരാളം കുട്ടികള്‍ക്ക് അറിവു പകര്‍തിനാലാകാം രാമാനുജന്‍ എന്ന പേരിനൊപ്പം എഴുത്തച്ഛന്‍ എന്ന പേരു കൂടി ചേര്‍ത്തുനല്‍കിയത് എന്നും വാദമുണ്ട്.
നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള കിടമല്‍സരവും പോര്‍ച്ചുഗീസുകാരുടെ അക്രമവുമെല്ലാം ജനജീവിതത്തില്‍ അരാജകത്വവും ദുരിതവും നിറച്ച കാലമായിരുന്നു അത്.
ആധ്യാത്മികമായ ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിനു രക്ഷയില്ല എന്ന തിരിച്ചറിവാകും ഹരിനാമ കീര്‍ത്തനവും രാമായണവും മഹാഭാരതവുമെല്ലാം കാവ്യവിഷയങ്ങളായി സ്വീകരിക്കാന്‍ എഴുത്തച്ഛനെ പ്രേരിപ്പിച്ചത്.
ഭാഷാപിതാവ്
മലയാളഭാഷയുടെ പിതാവായി അറിയപ്പെടുന്നത് എഴുത്തച്ഛനെയാണ്. എഴുത്തച്ഛന്റെ കാലമായപ്പോഴേക്കും മലയാളം തമിഴില്‍നിന്നു വേര്‍പിരിഞ്ഞ് സ്വതന്ത്ര ഭാഷയായി രൂപം പ്രാപിച്ചിരുന്നു. എഴുത്തച്ഛനു മുമ്പും മലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ കാവ്യങ്ങള്‍ രൂപംകൊണ്ടിട്ടും ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്‌കാരിക ചിഹ്നമായും കരുതുന്നത് എഴുത്തച്ഛനെയാണ്.
30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയത് രാമാനുജന്‍ എഴുത്തച്ഛനാണ്. എഴുത്തച്ഛന്റെ കൃതികള്‍ സാധാരണക്കാര്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. എഴുത്തും വായനയും അറിയാത്തവര്‍ക്കു പോലും സുഖമായി പഠിച്ച് പാടാവുതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും സാമാന്യജനത്തിന് എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടംവരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്‌ഠേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.
എഴുത്തച്ഛന്‍ പുരസ്‌കാരം
സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കുന്ന ബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവുമാണ് അവാര്‍ഡ്. 2010 വരെ ഒരു ലക്ഷം രൂപയായിരുന്നു അവാര്‍ഡ് തുക. 2011 മുതലാണ് ഒന്നര ലക്ഷമാക്കിയത്.
എഴുത്തച്ഛന്‍ പുരസ്‌കാര ജേതാക്കള്‍
വര്‍ഷം സാഹിത്യകാരന്‍
1993 ശൂരനാട് കുഞ്ഞന്‍പിള്ള
1994 തകഴി ശിവശങ്കരപ്പിള്ള
1995 ബാലാമണിയമ്മ
1996 കെ.എം. ജോര്‍ജ്ജ്
1997 പൊന്‍കുന്നം വര്‍ക്കി
1998 എം.പി. അപ്പന്‍
1999 കെ.പി. നാരായണ പിഷാരടി
2000 പാലാ നാരായണന്‍ നായര്‍
2001 ഒ.വി. വിജയന്‍
2002 കമല സുരയ്യ (മാധവിക്കുട്ടി)
2003 ടി. പത്മനാഭന്‍
2004 സുകുമാര്‍ അഴീക്കോട്
2005 എസ്. ഗുപ്തന്‍ നായര്‍
2006 കോവിലന്‍
2007 ഒ.എന്‍.വി. കുറുപ്പ്
2008 അക്കിത്തം അച്യുതന്‍ നമ്പൂതിരി
2009 സുഗതകുമാരി
2010 എം. ലീലാവതി
2011 എം.ടി. വാസുദേവന്‍ നായര്‍
2012 ആറ്റൂര്‍ രവിവര്‍മ്മ
2013 എം.കെ. സാനു
2014 വിഷ്ണുനാരായണന്‍ നമ്പൂതിരി
2015 പുതുശ്ശേരി രാമചന്ദ്രന്‍
കിളിപ്പാട്ട്
കിളിയെക്കൊണ്ട് കഥ പറയിക്കുന്ന രീതി മുന്‍പേ തന്നെ തമിഴില്‍ നിലനിന്നിരുന്നുവെങ്കിലും കിളിപ്പാട്ട് പ്രസ്ഥാനമായത് എഴുത്തച്ഛനിലൂടെയാണ്. അതുകൊണ്ട് കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്നാണ് എഴുത്തച്ഛന്‍ അറിയപ്പെടുന്നത്.
കിളിപ്പാട്ടു വൃത്തങ്ങള്‍
കാകളി, കേക, മണികാഞ്ചി, കളകാഞ്ചി, അന്നനട തുടങ്ങിയ വൃത്തങ്ങളാണ് എഴുത്തച്ഛന്‍ കിളിപ്പാട്ടിലുപയോഗിച്ചിരിക്കുന്നത്. കാകളിയാണ് കിളിപ്പാട്ടു വൃത്തത്തില്‍ ഏറ്റവും പ്രശസ്തം. സംസ്‌കൃത വൃത്തത്തില്‍ എഴുതിയില്ലെങ്കില്‍ കവിതയാകില്ല എന്ന ധാരണയാണ് എഴുത്തച്ഛന്റെ പൈങ്കിളി തിരുത്തിക്കുറിച്ചത്. മലയാള ഭാഷയും എഴുത്തച്ഛന്‍ നവീകരിച്ചു. മണിപ്രവാളത്തെ ശുദ്ധനാടന്‍ മലയാളവുമായി സംയോജിപ്പിച്ചപ്പോള്‍ മലയാളഭാഷ പുതുജീവനോടെ തഴച്ചുവളരാന്‍ തുടങ്ങി.
അധ്യാത്മ രാമായണം കിളിപ്പാട്ട്
എഴുത്തച്ഛന്‍ തന്റെ മധ്യവയസില്‍ എഴുതിയ കവിതയാണ് അധ്യാത്മരാമായണം. വാത്മീകിയുടെ അധ്യാത്മ രാമായണത്തെ ആസ്പദമാക്കിയാണ് എഴുത്തച്ഛന്‍ ഈ കൃതി രചിച്ചത്. വാത്മീകി രാമായണം സംസ്‌കൃതത്തിലായിരുന്നു. മാത്രമല്ല, ഇതില്‍ ശ്രീരാമന് മാനുഷിക ദൗര്‍ബല്യങ്ങളുള്ള ഒരു കൃതിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ അധ്യാത്മരാമായണം കിളിപ്പാട്ടില്‍ രാമനെ ദിവ്യകഥാപാത്രമായിട്ടാണ് എഴുത്തച്ഛന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ കൃതിക്കു പിന്നില്‍ മറ്റൊരു ഐതീഹ്യം കൂടിയുണ്ട്. വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ് അധ്യാത്മരാമായണം എഴുതിയത്. എന്നാല്‍ എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധര്‍വന്‍ ഗോകര്‍ണത്തുവച്ച് തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളില്‍ വരുമെന്നും അദ്ദേഹത്തെ കണ്ട് ഗ്രന്ഥം ഏല്‍പ്പിച്ചാല്‍ അതിനു പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണന്‍ അതുപോലെ തന്നെ പ്രവര്‍ത്തിച്ചു. ആ തേജസ്വിയായ ബ്രാഹ്മണന്‍ വേദവ്യാസനും പട്ടികള്‍ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധര്‍വനെ ശൂദ്രനായി ജനിക്കാന്‍ ശപിക്കുകയും ചെയ്തു. അധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധര്‍വന്‍ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത് തുഞ്ചത്ത് എഴുത്തച്ഛനായിരുന്നുവെന്നും അതാണ് അദ്ദേഹത്തിന് രാമായണം കിളിപ്പാട്ട്് എഴുതാന്‍ അധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു.
മഹാഭാരതം കിളിപ്പാട്ട്
വ്യാസഭാരതത്തെയും കണ്ണശ്ശഭാരതം, ഭാരതമാല, കൃഷ്ണഗാഥ തുടങ്ങിയ മറ്റു കാവ്യങ്ങളേയും ഉപജീവിച്ച എഴുത്തച്ഛന്‍ രചിച്ച മഹാഭാരതം കിളിപ്പാട്ട് ആണ് മലയാളത്തിലെ ഏറ്റവും പ്രചാരത്തിലുള്ള ഭാരതാഖ്യാനം. കിളിപ്പാട്ടുകളില്‍ പനയോലപ്പകര്‍പ്പുകളും അച്ചടിപ്രതികളും കൂടുതല്‍ കണ്ടിട്ടുള്ളത് രാമായണത്തിനാണെങ്കിലും ആദ്യമായി മുദ്രണം ചെയ്തത് മഹാഭാരതം കിളിപ്പാട്ടാണ്. ചതുരംഗപട്ടണം കാളഹസ്തിയപ്പ മുതലിയാരുടെ മകന്‍ അരുണാചലമുതലിയാര്‍ വിദ്യാവിലാസം അച്ചുകൂടത്തില്‍നിന്നു 1862ല്‍ 'ശ്രീമഹാഭാരതം പാട്ട'്' ആദ്യമായി സമ്പൂര്‍ണമായി പ്രകാശനം ചെയ്തു. ഏഴുവര്‍ഷം കൂടി കഴിഞ്ഞ് 1869ലാണ് രാമായണം കിളിപ്പാട്ട് ആദ്യമായി അച്ചടിക്കപ്പെടുന്നത്. പില്‍ക്കാലത്ത് അച്ചടി അഭൂതപൂര്‍വമായി പ്രചാരം നേടിയപ്പോള്‍ കിളിപ്പാട്ടു ഭാരതത്തിനും എണ്ണമറ്റ പ്രതികളുണ്ടായി.
കൃതികള്‍
അധ്യാത്മരാമായണം കിളിപ്പാട്ട്, ഉത്തരരാമായണം, മഹാഭാരതം കിളിപ്പാട്ട്, ദേവീമാഹാത്മ്യം, എന്നിവയാണ് എഴുത്തച്ഛന്റെ പ്രധാനകൃതികള്‍. ബ്രഹ്മാണ്ഡപുരാണം, ശതമുഖരാമായണം, ഹരിനാമകീര്‍ത്തനം, ഭാഗവതം കിളിപ്പാട്ട്, ശ്രീമദ്ഭാഗവതം, ചിന്താരത്‌നം, കൈവല്യനവനീതം, രാമായണം തുടങ്ങിയവയും എഴുത്തച്ഛന്റെ രചനകളാണ്. ഇരുപത്തിനാലു വൃത്തം എഴുത്തച്ഛന്റേതാണെ് ഇരുപതാം നൂറ്റാണ്ടുവരെ പലരും വിശ്വസിച്ചിരുന്നുവെങ്കിലും ഉള്ളൂര്‍, എന്‍. കൃഷ്ണപിള്ള, എ. കൃഷ്ണപിഷാരടി തുടങ്ങിയവര്‍ ഈ വാദം തെറ്റാണെു രചനാലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍ഥിച്ചിട്ടുണ്ട്.
പദ്യശകലങ്ങള്‍
1. ശാരികപ്പൈതലേ ചാരുശീലേ വരി
കാരോമലേ കഥാ ശേഷവും ചൊല്ലു നീ
കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം
നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാര്‍
മത്തേഭം പാംസുസ്‌നാനം
കൊണ്ടല്ലോ സന്തോഷിപ്പൂ
നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും
2. ആപത്തുവരുംകാലം പാപത്തില്‍ മുഴുകായ്ക
പാപത്തെക്കളവാനായ് ഈശ്വരസേവചെയ്ക
സമ്പത്തുവരും നേരം സന്തോഷിക്കയും വേണ്ട
തമ്പുരാന്‍ തന്റെയോരോ ലീലകളത്രേ ഇത്
3. നിത്യവും ചെയ്യുന്ന കര്‍മഗണഫലം
കര്‍ത്താവൊഴിഞ്ഞുമറ്റന്യര്‍ ഭുജിക്കുമൊ?
താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍
താന്താനനുഭവിചീടുകെന്നേവരൂ
4. അയ്യോ മകനേ കുമാരാ ചതിച്ചിതോ
നീയെന്നെ ഇങ്ങിനെയാക്കി ചമച്ചതോ
സൂര്യസമാന സുകുമാര സുന്ദരാ
സുരോ സുഭദ്രാത്മജാ സുഖമന്ദിര..
ഹഹ പൊറുക്കുന്നതെങിനെ നിന്നുടെ
ദേഹമെന്‍ കണ്‍കൊണ്ട് കാണാതെ
ഞാനിനി
വേണ്ടില്ലെനിക്കിനി യുദ്ധവും രാജ്യവും
വേണ്ടില ഭൂമിയില്‍ വാഴ്കയുമിന്നെ ഞാന്‍
നല്ല മരതക കല്ലിനോടൊത്തോരു
കല്യാണരൂപന്‍ കുമാരന്‍ മനോഹരന്‍
ചൊല്ലെഴും അര്‍ജ്ജുനന്‍ തന്റെ തിരുമകന്‍
വല്ലവീ വല്ലഭന്‍ തന്റെ മരുമകന്‍
തുഞ്ചന്‍ സ്മാരകം
തിരൂരിലെ തൃക്കണ്ടിയൂരിനു സമീപം തുഞ്ചന്‍ പറമ്പിലാണ് എഴുത്തച്ഛന്റെ ജന്മഗൃഹം സ്ഥിതി ചെയ്യുന്നത്. അവിടെയാണ് എഴുത്തച്ഛന്റെ പേരില്‍ സ്മാരകം നിര്‍മിച്ചിട്ടുള്ളത്. ഡിസംബര്‍ 31 നാണ് തുഞ്ചന്‍ ദിനമായി ആചരിച്ചു വരുന്നത്. എഴുത്തിനിരുത്തും മറ്റുമെല്ലാം വിപുലമായ രീതിയില്‍ ഇവിടെ നടന്നു വരുന്നുണ്ട്. മലയാളികളുടെ വൈജ്ഞാനിക തീര്‍ഥാടന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് തുഞ്ചന്‍ പറമ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."