തോട്ടഭൂമി തരം മാറ്റി കെട്ടിടം നിര്‍മിക്കുന്നതായി പരാതി
മുക്കം: തോട്ടഭൂമി തരം മാറ്റി കെട്ടിടം നിര്‍മിക്കുന്നതായും നിയമം ലംഘിച്ച് നിര്‍മാണം നടത്താന്‍ വില്ലേജ് ഓഫിസ് ജീവനക്കാര്‍ ഒത്താശ നല്‍കുന്നതായും പരാതി. ഫാത്തിമ എസ്റ്റേറ്റ് ഗേറ്റിനു സമീപമുള്ള തോട്ട ഭൂമിയില്‍ കല്യാണമണ്ഡപം നിര്‍മിക്കുന്നത് സംബന്ധിച്ചാണ് പരാതി.
കുമാരനെല്ലൂര്‍ വില്ലേജിലെ അള്ളി, ആനയാംകുന്ന് ദേശങ്ങളിലെ 782 എ, 76,63,64, 1071 എന്നീ സര്‍വ്വെ നമ്പറുകളില്‍ പെട്ട ഫാത്തിമ പ്ലാന്റെഷന്‍ വക ഭൂമി, തോട്ടത്തിന്റെ ഉടമയായ തിമോത്തി ഡിക്രൂസിന്റെ മരണശേഷം അവകാശംപറഞ്ഞ് കൈവശം വയ്ക്കുന്ന മക്കളിലൊരാളായ ആന്റണിയാണ് ഭൂപരിഷ്‌കരണ നിയമം സെക്ഷന്‍ 81 പ്രകാരം ഇളവു ലഭിച്ചതോട്ട ഭൂമി തരം മാറ്റി കല്യാണമണ്ഡപം നിര്‍മിക്കുന്നതായി പരാതി ഉയര്‍ന്നത്.
സി.പി.ഐ കാരശേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഷാജികുമാറാണ് നിയമ ലംഘനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ലാന്റ് ബോര്‍ഡ് ചെയര്‍മാന് പരാതി നല്‍കിയത്. തോട്ട ഭൂമി എന്ന നിലയില്‍ ഭൂപരിധിയില്‍ ഇളവു നേടിയ ഭൂമി തരം മാറ്റി ഇത്തരം ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ പാടില്ലെന്ന് 2015 ഫെബ്രുവരി 25ല്‍ ലാന്റ് ബോര്‍ഡ് സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയതായും കേരള ഹൈക്കോടതിയുടെ വിവിധ വിധിന്യായങ്ങളില്‍ പരാമര്‍ശമുള്ളതായും ഷാജികുമാറിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."