പനിച്ചൂടില്‍ ഭയന്നുവിറച്ച് ജില്ല
കോഴിക്കോട്: കാലവര്‍ഷം കനത്തതോടെ ജില്ലയില്‍ പനിബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഇന്നലെ മാത്രം 1090 പേരാണ് പനിബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്.
ഇതില്‍ നാലു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്, ഫറോക്ക്, കല്ലായി എന്നിവിടങ്ങളിലാണ് എലിപ്പനി കണ്ടെത്തിയത്. ഇതോടെ കോഴിക്കോട്ട് ഇതുവരെയായി ആറുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഒളവണ്ണയില്‍ ഒരാള്‍ക്ക് ഇന്നലെ മലേറിയ പിടിപെട്ടതായി കണ്ടെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനിബാധിച്ച് ഇന്നലെ 137 പേര്‍ കിടത്തി ചികിത്സ തേടി.
ഇതുവരെ ഒന്‍പതു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയവരില്‍പ്പെടും. 510 പേര്‍ വയറിളക്കം ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രിയില്‍ കിടത്തി ചികിത്സയിലാണ്.
കൊയിലാണ്ടി, വടകര ഭാഗങ്ങളില്‍ നിന്നാണ് ഇന്നലെ കൂടുതല്‍ പേര്‍ ചികിത്സ തേടിയെത്തിയത്. താമരശ്ശേരി, പേരാമ്പ്ര, തിരുവമ്പാടി തുടങ്ങിയ മലയോര മേഖലയിലും പനിബാധിതരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
അതേസമയം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം നഴ്‌സുമാരുടെ കുറവ് ജില്ലയില്‍ ആരോഗ്യ രംഗത്തെ ബാധിക്കുന്നുണ്ട്.
നിരവധി സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്‌സുമാരില്ല. പി.എസ്.സി വഴി ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടിയും വൈകുകയാണ്.
മത്സ്യത്തൊഴിലാളികളും മറ്റും തിങ്ങിത്താമസിക്കുന്ന കോതി, പള്ളിക്കണ്ടി തുടങ്ങിയ തീരദേശങ്ങളിലാണ് പനിയും മറ്റു പകര്‍ച്ചവ്യാധികളും കൂടുതലായി കണ്ടുവരുന്നത്. ഇവിടങ്ങളിലെ ആര്‍.സി.എച്ച് സെന്ററുകള്‍ പലതും അടഞ്ഞുകിടക്കുകയാണ്.
ഇവിടെ ഇന്നലെയുണ്ടായ മഴയില്‍ കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്. മലപ്പനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇന്നലെ പുതുതായി ആരും ചികിത്സതേടിയെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."