കബനി പുഴ കരകവിയുന്നു താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീതിയില്‍ പുനരധിവാസത്തിന് നടപടിയില്ലെന്ന് ആക്ഷേപം
പനമരം: കാലവര്‍ഷം ശക്തമായതോടെ കബനി പുഴയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. പുഴയോട് ചേര്‍ന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ തുടരുന്ന ശക്തമായ മഴയോടെ പുഴ നിറഞ്ഞു തുടങ്ങിയതാണ് പ്രദേശത്തുകാരുടെ ചങ്കിടിപ്പേറ്റുന്നത്. മഴ ശക്തിപ്പെട്ടാല്‍ പനമരം പഞ്ചായത്തിലെ മാതോത്ത്‌പൊയില്‍, മാത്തൂര്‍, ചങ്ങാടകടവ്, പരക്കുനി, നീരട്ടാടി പൊയില്‍, നെല്ലിയമ്പം തുടങ്ങിയ പ്രദേശങ്ങള്‍ക്കാണ് കൂടുതല്‍ ഭീഷണി. മഴ ശക്തമായി തുടര്‍ന്നാല്‍ ഇവിടെയുള്ളവര്‍ കുടിയൊഴിയേണ്ടിവരും.
സാധാരണ കാലവര്‍ഷം ശക്തമായി വെള്ളം കയറിയാല്‍ പനമരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കുക. എന്നാല്‍ എല്ലാ വര്‍ഷകാലത്തും ഇതു തുടരുന്നുണ്ടെങ്കിലും ഇവരുടെ പുനരധിവാസം സംബന്ധിച്ച് ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ആദിവാസികളും സാധാരണക്കാരുമാണ് പ്രദേശുള്ളവരില്‍ അധികവും.
സ്‌കൂളില്‍ ജനങ്ങളെ പാര്‍പ്പിക്കുന്നതോടെ വിദ്യാര്‍ഥികളുടെ പഠനവും ആഴ്ചകളോളം മുടങ്ങാറാണ് പതിവ്. ഇവരെ പുഴക്കരയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുക്കുമെന്ന് മാറിമാരി വരുന്ന ഭരണകൂടങ്ങള്‍ വാഗ്ദാനം നല്‍കാറുണ്ടങ്കിലും ഇതുവരെ പാലിക്കകപ്പെട്ടിട്ടില്ല.
പുനരധിവാസത്തിനുള്ള അടിയന്തര നടപടിയുണ്ടാകമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."