നിപാ വൈറസ്: ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം; ഭയമല്ല, വേണ്ടത് മുന്‍കരുതല്‍
മലപ്പുറം: നിപാ വൈറസ് കാരണമായുള്ള പനി ബാധിച്ച് കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭയപ്പെടുകയല്ല, മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്നു കലക്ടര്‍ പറഞ്ഞു.
അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐ.എം.എ, വകുപ്പുതല മേധാവികള്‍ എന്നിവരുടെ യോഗം ചേര്‍ന്നു. കൂടാതെ, ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പി.എച്ച്.സികളിലെ മെഡിക്കല്‍ ഓഫിസര്‍മാരുടെയും സൂപ്രണ്ടുമാരുടെയും വെറ്ററിനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു.
ജില്ലാ ആശുപത്രികളില്‍ അടിയന്തിരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും.
സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐ.എം.എ വഴി നിപാ വൈറസിനെതിരേ ജാഗ്രതാ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. തെന്നല, മൂന്നിയൂര്‍, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പിടിപ്പെട്ടു രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകള്‍ തുടങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനും തീരുമാനിച്ചു.
സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല.മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു വളരെ വേഗത്തില്‍ രോഗം പകരുന്നതിനാലാണ് ഈ തീരുമാനം. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനും സംശയാസ്പദമായ രോഗികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് ഉടന്‍ അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡി.എം.ഒ നിര്‍ദേശം നല്‍കി. പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്നും പനി ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുതെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."