പുത്തന്‍വേലിക്കര വി.പി തുരുത്ത് പാലം ഉദ്ഘാടനത്തിനൊരുങ്ങി
മാള: പുത്തന്‍വേലിക്കര വി.പി തുരുത്ത് പാലം ഉദ്ഘാടനത്തിനു ഒരുങ്ങുന്നു. പാലത്തിന്റെ പണികളും അപ്രോച്ച് റോഡും പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഇനി അവശേഷിക്കുന്നതു പാലത്തിന്റെ സ്ലാബുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റ്് സ്ഥാപിക്കലും ഫുട്പാത്തില്‍ ടൈല്‍സ് വിരിക്കലുമാണ്.
ഈ പണികള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കയാണ്. റോഡ് സേഫ്റ്റി സംവിധാനങ്ങളൊരുക്കുകയും വേണം. ചെകുരോ ഇന്റല്‍ കണ്‍സോര്‍ഷ്യമാണു 2016 ഫെബ്രുവരി 22 മുതല്‍ ബാക്കിയുള്ള പണികള്‍ ഏറ്റെടുത്തു നടത്തുന്നത്.
പാലം ഗതാഗതത്തിനായി തുറക്കപ്പെടുന്നതോടെ മാളയില്‍ നിന്നും പറവൂരിലേക്കു ആറു കിലോമീറ്റര്‍ ദൂരം ലാഭിക്കാം.
ഈ മാസം അവസാനത്തോടെ പാലം തുറക്കാനാകുമെന്ന കണക്കുകൂട്ടലിലാണു ബന്ധപ്പെട്ട അധികൃതര്‍. പാലം തുറക്കുന്നതോടെ മാളയില്‍ നിന്നും പറവൂര്‍ വഴി ആലുവയിലേക്കും എറണാകുളത്തേക്കും പോകുന്നവര്‍ക്കുള്ള എളുപ്പമാര്‍ഗമാകും.
നിലവില്‍ 17 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചു വേണം മാളയില്‍ നിന്നും പറവൂരിലെത്താന്‍. പാലം തുറക്കുന്നതോടെ ഇതു 11 കിലോമീറ്ററായി കുറയും.
23.07 കോടി രൂപ ചെലവിലാണു പാലത്തിന്റെ നിര്‍മാണം. 11 സ്പാനുകളിലായാണു നിര്‍മാണം. 335 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണു പാലം നിര്‍മിച്ചിരിക്കുന്നത്.
ഏഴര മീറ്റര്‍ വാഹന ഗതാഗതത്തിനും ഒന്നര മീറ്റര്‍ വീതം നടപ്പാതക്കും അര മീറ്റര്‍ ഹാങ്ങറിനുമായാണുള്ളത്. അപ്രോച്ച് റോഡുകളടക്കം 480 മീറ്ററാണു മൊത്തം നീളം. സമീപങ്ങളിലുള്ളതില്‍ വച്ചേറ്റവും നീളം കൂടിയ പാലമാണിത്. പാലം തുറക്കുന്നതോടെ തൃശൂര്‍ ജില്ലയിലുള്ളവര്‍ക്കു മാള വഴി എറണാകുളത്തും ചേന്ദമംഗലത്തും പറവൂരും മറ്റും എളുപ്പത്തില്‍ എത്താനാകും.
സ്റ്റേഷന്‍ കടവിനേയും വി.പി തുരുത്തിനേയും ബന്ധിപ്പിക്കുന്ന പാലത്തിനായുള്ള മുറവിളിക്കു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആറു വര്‍ഷം മുന്‍പാണ് പാലം പണി ആരംഭിച്ചത്.
എന്നാല്‍ പാലം പണി പകുതി പിന്നിടുന്നതിനുമുമ്പേ കരാറുകാരന്‍ പണി നിറുത്തി പോയി. പിന്നീടു വര്‍ഷങ്ങളോളം നിര്‍മാണം നടന്നതുമില്ല.
കരാറുകാരനെ മാറ്റി പാലം നിര്‍മാണം പിന്നീട് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനെ ഏല്‍പിക്കുകയായിരുന്നു. കോര്‍പ്പറേഷനില്‍ നിന്നും ഉപകരാറെടുത്തവര്‍ രണ്ടു വര്‍ഷം കൊണ്ടു നിര്‍മാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പാലത്തിന്റെ മറുകരയായ വലിയ പഴംപിള്ളി തുരുത്തില്‍ നിലവില്‍ ഇടുങ്ങിയ റോഡാണുള്ളത്.
തുരുത്തിലെ കരിപ്പായി കടവിനു കുറുകെ ഏതാനും വര്‍ഷം മുമ്പു പാലം നിര്‍മിച്ചുവെങ്കിലും അതു തീരെ ഇടുങ്ങിയതാണ്. ഒരു ബസിനു കഷ്ടിച്ചു കടന്നുപോകാമെന്നു മാത്രം.
ഈ പാലവും റോഡും വീതികൂട്ടിയാല്‍ മാത്രമേ പാലം തുറക്കുന്നതോടെ വര്‍ധിക്കുന്ന വാഹനതിരക്കിനെ ഉള്‍ക്കൊള്ളാനാകുകയുള്ളൂ.
കടലോരങ്ങളില്‍ നിന്നും മലയോരങ്ങളിലേക്കു തുറക്കപ്പെടുന്ന മറ്റൊരു പാലവും റോഡും സാമ്പത്തികമായും സാംസ്‌കാരികമായുമുള്ള ഉന്നമനത്തിനു ബലമേകും.
കൊച്ചുകടവിലും മാളവനയിലുമടക്കം ഏതാനും പാലങ്ങള്‍ കൂടി നിര്‍മിക്കാനായാല്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ പലയിടങ്ങളുമായി ഏറ്റവും എളുപ്പത്തില്‍ ബന്ധപ്പെടാമെന്നതിനു പുറമേ ടൂറിസം മേഖലക്കും വ്യാപാരവാണിജ്യ മേഖല തുടങ്ങിയവക്കും പുത്തനുണര്‍വേകുകയും ചെയ്യും. പതിറ്റാണ്ടുകളായുള്ള ജനാഭിലാഷമാണു പൂവണിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."