പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക് കത്തിച്ചാല്‍ ഇനി പൊലിസ് കേസെടുക്കും
മലപ്പുറം: പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ നടപടിയുമായി പൊലിസ്. പൊതുസ്ഥലങ്ങളില്‍ പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ കേസെടുക്കാനാണ് സംസ്ഥാന പൊലിസ് മേധാവിയുടെ നിര്‍ദേശം. പൊതുജനാരോഗ്യത്തിന് ഹാനികരമായ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നതു നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.
പൊതുസ്ഥലങ്ങളില്‍ മാലിന്യം കത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നേരത്തെ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.
ഇത്തരത്തില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നവര്‍ക്കെതിരേ പൊലിസും തദ്ദേശസ്ഥാപനങ്ങളും കര്‍ശന നടപടിയെടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിലുണ്ടായിരുന്നു. ഇതു പരിഗണിച്ചാണ് പൊലിസ് ഇത്തരക്കാര്‍ക്കെതിരേ കേസെടുക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമം സെഷന്‍ 268, 269, 278, കേരളാ പൊലിസ് ആക്റ്റ് സെഷന്‍ 120 എന്നിവ പ്രകാരമാണു കെസെടുക്കുക.
സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകളുടെ നിര്‍മാണവും ഉപയോഗവും തടയണമെന്നും പൊതുസ്ഥലത്ത് പ്ലാസ്റ്റിക്, റബര്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് ഓള്‍കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. എസ്.സീതാരാമന്‍ നല്‍കിയ ഹരജിയിലാണു ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിപ്പിച്ചത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ പൊതുസ്ഥലത്തു കത്തിക്കുന്നതു മൂലം വന്‍തോതില്‍ മീഥെയ്ന്‍, കാര്‍ബണ്‍ ഓക് സൈഡുകള്‍ അന്തരീക്ഷത്തിലേക്കു വ്യാപിക്കുമെന്നും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇതു വഴിവയ്ക്കുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസ്ഥലത്ത് റബര്‍ ഉള്‍പ്പെടെയുള്ള മാലിന്യം കത്തിക്കുന്നത് കാന്‍സറിനു വരെ കാരണമാകാവുന്ന രാസവസ്തുക്കള്‍ അന്തരീക്ഷത്തില്‍ പടരാനുമിടയാക്കും. ഈ സാഹചര്യത്തില്‍ എല്ലാത്തരം പ്ലാസ്റ്റിക് ബാഗുകളും നിരോധിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."