ജില്ലയില്‍ ജലവിതരണ സംവിധാനം കാര്യക്ഷമമാക്കും: സന്നദ്ധ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണം അനിവാര്യം
കാസര്‍കോട്: വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജലവിതരണ-ജലോപയോഗ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കലക്ടറേറ്റില്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ടാങ്കുകളില്‍ കൂടിയുള്ള ജലവിതരണത്തിന് എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഉപയുക്തത മാനദണ്ഡമാക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു. ആവശ്യമുളളവര്‍ക്കാണു ജലം കിട്ടേണ്ടത്. ആവശ്യമുള്ളവര്‍ക്കേ നല്‍കാവൂ. ജല ലഭ്യത കുറവുള്ളപ്പോള്‍ മറ്റു ന്യായങ്ങളെ മുറുകെ പിടിക്കരുത്.
ജലവിതരണ ടാങ്കറിനു ജി.പി.എസ് ഘടിപ്പിച്ചിരിക്കണം. സ്വകാര്യ സ്രോതസുകളെയും ആവശ്യത്തിന് ഉപയോഗപ്പെടുത്താവുന്നതാണ്. വെള്ളത്തിന്റെ ഉപയോഗക്ഷമത ജലവകുപ്പോ ഭക്ഷ്യസുരക്ഷാ വകുപ്പോ പരിശോധിച്ചിരിക്കണം. വാട്ടര്‍ കിയോസ്‌കുകള്‍ പ്രധാനമായും ഇപ്പോഴത്തെ പ്രതിസന്ധിഘട്ടത്തില്‍ പൂര്‍ണമായും ഉപയോഗിക്കാനാവും വിധം സജ്ജമാക്കണം. കുഴല്‍ക്കിണറുകളും കിണറുകളും പരസ്പരം എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന പ്രവണത ഉണ്ടാക്കണമെന്നും കലക്ടര്‍ പറഞ്ഞു. പക്ഷിമൃഗാദികള്‍ക്കു ഉപയോഗിക്കാനുള്ള ജലസംവിധാനം ഒരുക്കേണ്ടതു കടമയായി കരുതാനും അദ്ദേഹം നിര്‍ദേശിച്ചു.
സന്നദ്ധ സംഘടനകളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയുമെല്ലാം കൂട്ടായ സഹകരണം വരള്‍ച്ചയെ നേരിടാന്‍ അനിവാര്യമാണ്. ഇതു നേടിയെടുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ എഡി.എം കെ അംബുജാക്ഷന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.പി രാജ്‌മോഹന്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ, ഫിനാന്‍സ് ഓഫിസര്‍ പി.വി നാരായണന്‍, ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവിദാസ്, വിവിധ പഞ്ചായത്ത് പ്രസിഡന്റ് , സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."