രസതന്ത്രം അല്‍പം ലളിതം
കണ്ണൂര്‍: ഒരേസമയം പ്രതീക്ഷയും ആശയക്കുഴപ്പവും നല്‍കി എസ്.എസ്.എല്‍.സി രസതന്ത്ര പരീക്ഷ. പല ചോദ്യങ്ങളും ഉന്നതനിലവാരം പുലര്‍ത്തിയെങ്കിലും ശരാശരി നിലവാരക്കാര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കി. ഒന്നാമത്തെ ചോദ്യത്തിലെ ബി ഓപ്ഷന്‍ എത്ര ഷെല്ലുകളിലാണ് ഇലക്ട്രോണുകള്‍ ഉള്ളത് എന്നത് ഷെല്ലുകളാണോ സബ് ഷെല്ലുകളാണോ എന്ന് വ്യക്തമാക്കാത്തത് അല്‍പം ആശയക്കുഴപ്പത്തിന് ഇടയാക്കി.
രണ്ടാമത്തെ ചോദ്യത്തിലെ ഓപ്ഷനുകളിലൊന്ന് മോഡല്‍ എക്‌സാം മാതൃകയായിരുന്നു. രണ്ടാമത്തെ ചോദ്യത്തിലെ ബി ഓപ്ഷനിലെ ബി സബ് ഓപ്ഷന്‍ ചോദ്യം ഉയര്‍ന്ന നിലവാരമുള്ളതായിരുന്നു. മോള്‍ സങ്കല്‍പനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ചോയ്‌സ് ഉണ്ടായിരുന്നത് പലര്‍ക്കും സഹായകമായി. എസ്.ടി.പിയിലെ 22.4 ലിറ്റര്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലെ തന്മാത്രകളുടെ എണ്ണമെഴുതാന്‍ സെക്കന്റുകള്‍ മാത്രമായിരുന്നു പലരുമെടുത്തത്. ഡൈ നൈട്രജന്‍ ടെട്രോക്‌സൈഡും നൈട്രജന്‍ ഡയോക്‌സൈഡും തമ്മിലുള്ള രാസപ്രവര്‍ത്തനം പരിശോധിച്ച് ഉത്തരമെഴുതാനുള്ള ചോദ്യവും നിലവാരം പുലര്‍ത്തി.ലേഷാറ്റ്‌ലിയര്‍ തത്വം പഠിച്ചവര്‍ക്ക് ഈ ചോദ്യത്തിനുള്ള ഉത്തരം എളുപ്പത്തില്‍ എഴുതാന്‍ സാധിക്കുമെങ്കിലും താഴ്ന്ന നിലവാരക്കാരെ ചോദ്യം ആശയക്കുഴപ്പത്തിലാക്കി. അഞ്ചാമത്തെ ചോദ്യത്തിലെ ബി ഓപ്ഷന്‍ കുറച്ച് ആശയക്കുഴപ്പം ഉണ്ടാക്കി.
ആറാമത്തെ ചോദ്യം പലര്‍ക്കും പ്രതീക്ഷിച്ച ചോദ്യങ്ങളില്‍ ഒന്നായിരുന്നു.ഏഴാമത്തെ ചോദ്യത്തിലെ ബി അല്‍പ്പം പ്രശ്‌നമുള്ളതായിരുന്നു. ലഭ്യത, ലോഹാംശ അളവ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ചോദ്യത്തിന് ഉത്തരമെഴുതേണ്ടത് എന്നതിനാല്‍ തന്നെ തന്നിരിക്കുന്ന ഡാറ്റ ഉപയോഗപ്പെടുത്തി ഉത്തരം എഴുതാന്‍ ശരാശരി നിലവാരമുള്ള കുട്ടികള്‍ക്ക് സാധിക്കില്ല.ഹൈഡ്രോ കാര്‍ബണിന്റെ നാമകരണവും ഐസോമര്‍ ജോഡികളുടെ പട്ടികപ്പെടുത്തലുമായുള്ള ഒമ്പതും പത്തും ചോദ്യങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തി. പതിനൊന്നാമത്തെ ചോദ്യത്തിലെ ബി ഓപ്ഷന്‍ അല്‍പം കട്ടിയുള്ളതായി മാറി. മോഡല്‍ പരീക്ഷയ്ക്ക് ടേബിള്‍ രൂപത്തില്‍ കൊടുത്ത ചോദ്യത്തിന്റെ ആവര്‍ത്തനമായിരുന്നു പന്ത്രണ്ടാമത്തെ ചോദ്യം. ടേബിന്റെ രണ്ടാം ഭാഗം കൊടുക്കാതെ കുട്ടികളുടെ ഓര്‍മശക്തി പരീക്ഷിക്കുന്ന രീതിയിലായിരുന്നു ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."