കാലിക്കറ്റില്‍ ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയതിന് എം.എസ്.എഫ് പ്രക്ഷോഭത്തിലേക്ക്
കോഴിക്കോട്: അഞ്ചു ജില്ലകളിലായി 5,000 ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ അനാസ്ഥക്കെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ എം.എസ്.എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.
സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ സിന്‍ഡിക്കേറ്റിന്റെ നേതൃത്വത്തില്‍ കോളജുകളില്‍ ഇന്സ്പെക്ഷന് നടത്തി മാര്‍ച്ച് 31 നകം ഇരുപത് ശതമാനം സീറ്റു വര്‍ധനവ് ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടത്.
എന്നാല്‍ നാളിതുവരെയായിട്ടും സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന സീറ്റാണ് നഷ്്ടപ്പെടുന്നത്.
അടിയന്തരമായി സര്‍വകലാശാലയും സര്‍ക്കാരും ഇടപെട്ടു സീറ്റുകള്‍ വര്ധിപ്പിച്ചിട്ടില്ലെങ്കില് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്കാന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. ജന സെക്രട്ടറി എം.പി നവാസ്, യൂസുഫ് വല്ലാഞ്ചിറ, ശരീഫ് വടക്കയില്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ സലിം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."