ബിസിനസ് ക്ലാസ് സീറ്റ് കിട്ടിയില്ല: ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ അടിച്ചത് 25 തവണ
ന്യൂഡല്‍ഹി: വിമാനത്തിലെ സീറ്റു തര്‍ക്കത്തിന്റെ പേരില്‍ ശിവസേന എംപി എയര്‍ ഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചതായി പരാതി. മഹാരാഷ്ട്രയില്‍നിന്നുള്ള ലോക്സഭാംഗമായ രവീന്ദ്ര ഗെയ്ക്കവാദ് ആണ് എയര്‍ ഇന്ത്യ ജീവനക്കാരനെ അടിച്ചത്.
ജീവനക്കാരനെ അടിച്ചതായി എംപി സ്ഥിരീകരിക്കുകയും ചെയ്തു. 25 തവണ തന്റെ ചെരിപ്പുകൊണ്ട് ജീവനക്കാരനെ അടിച്ചതായി എംപി പറഞ്ഞു. എംപിയെ എയര്‍ ഇന്ത്യ കരിമ്പട്ടികയില്‍പെടുത്തി.
പൂനെ-ഡല്‍ഹി എ1 852 വിമാനത്തില്‍ രാവിലെ പത്തരയോടെയാണ് സംഭവം. ബിസിനസ് ക്ലാസ് ടിക്കറ്റായിരുന്നു എംപി എടുത്തിരുന്നത്. എന്നാല്‍ എക്കോണമി ക്ലാസിലാണ് അദ്ദേഹം യാത്ര ചെയ്തത്. ഡല്‍ഹി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍നിന്ന് എംപി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ഇതോടെ വിമാനത്താവളം നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇറങ്ങാന്‍ പറഞ്ഞ ജീവനക്കാരനെയാണ് എംപി ചെരുപ്പുകൊണ്ട് അടിച്ചത്.
ജീവനക്കാരന് മര്യാദകേടായി പെരുമാറിയതുകൊണ്ടാണ് മര്‍ദിച്ചതെന്നു എംപി പറഞ്ഞു. ആദ്യത്തെ തവണയല്ല ഇങ്ങനെ സംഭവിക്കുന്നത്. ഒരുപാടു തവണ പരാതി നല്‍കിയിട്ടും എയര്‍ ഇന്ത്യ നടപടി സ്വീകരിച്ചില്ലെന്നും ഗെയ്ക്കവാദ് പറഞ്ഞു.
എന്നാല്‍ എക്കണോമി ക്ലാസ് മാത്രമുള്ള വിമാനമാണ് ഇന്ന് സര്‍വിസ് നടത്തിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇത് എംപിയെ നേരത്തെ അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.
ബിസിനസ് ക്ലാസ് സീറ്റുണ്ടായിരുന്നില്ലെന്നും അതിനാലാണ് എംപിക്ക് എക്കോണമി ക്ലാസില്‍ സീറ്റു നല്‍കിയതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."