ഡ്രൈവര്‍മാരുടെ കുറവ്: വിരമിച്ചവരെ കെ.എസ്.ആര്‍.ടി.സി തിരികെയെടുക്കുന്നു
തിരുവനന്തപുരം: ഡ്രൈവര്‍മാര്‍ കൂട്ടത്തോടെ വിരമിക്കാനിരിക്കുന്നതും ഡ്രൈവര്‍മാരുടെ കുറവ് കാരണം സര്‍വിസുകള്‍ മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബദല്‍ നടപടികളുമായി കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റ്. ഡ്രൈവര്‍മാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് വിരമിച്ച 60 വയസിനു താഴെയുള്ളവരും ശാരീരികക്ഷമതയുള്ളവരുമായ ഡ്രൈവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള നിര്‍ദേശം മാനേജ്‌മെന്റ് നല്‍കിക്കഴിഞ്ഞു.
താല്‍പര്യമുള്ള ഡ്രൈവര്‍മാരുടെ പട്ടിക യൂനിറ്റ് തലത്തില്‍ ശേഖരിച്ച് ഒരാഴ്ചക്കുള്ളില്‍ ഭരണവിഭാഗം എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ക്ക് നല്‍കാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. റോളില്‍ പേരുണ്ടെങ്കിലും അനാരോഗ്യം, ശമ്പളരഹിത ലീവുകള്‍, അനധികൃത അവധികള്‍ എന്നിവ കാരണം ജോലിക്ക് ഹാജരാകാത്ത ഡ്രൈവര്‍മാര്‍ക്ക് കോര്‍പറേഷന്‍ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
ഇവരുടെ കുറവ് 6,000ത്തോളം വരുന്ന ബസുകളുടെ സര്‍വിസുകള്‍ തടസപ്പെടാന്‍ കാരണമാകുന്നുണ്ട്. അദര്‍ ഡ്യൂട്ടി സംവിധാനം അവസാനിപ്പിക്കുകയും ഡെപ്യൂട്ടേഷനിലും മറ്റും നില്‍ക്കുന്ന ഡ്രൈവര്‍മാരെ തിരിച്ചുവിളിക്കാനും കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരുന്നു. പ്രതിസന്ധിക്കു പരിഹാരമെന്ന നിലയില്‍ ദീര്‍ഘകാല അവധിയിലുള്ള ഡ്രൈവര്‍മാര്‍ക്കും തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
കോര്‍പറേഷനിലെ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ ഡ്രൈവര്‍മാരെയും തിരിച്ചു വിളിച്ചിരുന്നു. എന്നിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല. ഈ വര്‍ഷം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് 659 ഡ്രൈവര്‍മാരാണ് വിരമിക്കുന്നത്. ഇതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. എംപ്ലോയ്‌മെന്റുകള്‍ വഴി താല്‍ക്കാലികാടിസ്ഥാനത്തില്‍ ഡ്രൈവര്‍മാരെ നിയമിക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയെന്ന നിലയില്‍ വിരമിച്ചവരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നത്.
വരുമാനം കുറവുള്ള സര്‍വിസുകളെ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രതിദിനം 8000 രൂപയില്‍ കുറവ് വരുമാനമുള്ള സര്‍വിസുകളെല്ലാം ഈ മാസം 28 മുതല്‍ സിംഗിള്‍ ഡ്യൂട്ടി സമ്പ്രദായത്തിലേക്ക് മാറ്റണമെന്ന് എം.ഡി ടോമിന്‍ തച്ചങ്കരി ഉത്തരവിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."