ബുദ്ധന് ചുമര്‍ചിത്രത്തിലൂടെ സാക്ഷാത്കാരം
പാവറട്ടി : ചുമര്‍ചിത്ര ശൈലിയില്‍ ശ്രീബുദ്ധനു ചിത്ര സാക്ഷാത്കാരം. പരമ്പരാഗത കേരളീയ ചുമര്‍ചിത്ര ശൈലിയില്‍ ധ്യാനത്തിലിരിക്കുന്ന ശ്രീബുദ്ധന്റെ രൂപത്തിനാണു ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠനകേന്ദ്രം സീനിയര്‍ അധ്യാപകന് ആര്‍ട്ടിസ്റ്റ് എം.നളിന്‍ ബാബുവും ശിഷ്യന് ജയന് അക്കിക്കാവും ചേര്‍ന്നു രചന ഒരുക്കിയത്.
ബോധി വൃക്ഷത്തിന്റെ ചുവട്ടില്‍ വലതുകൈ ജ്ഞാനമുദ്രയും ഇടതുകൈ മടിയിലും വെച്ചു പാതിതുറന്ന കണ്ണുകളുമായി ഇരിക്കുന്ന ബുദ്ധനെയാണു ചിത്രീകരിച്ചിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ബോര്‍ഡില്‍ ആറര അടി ഉയരത്തിലും നാലര അടി വീതിയിലുമാണു ചിത്രം വരച്ചിരിക്കുന്നത്.
മൂന്ന് ആഴ്ചത്തെ സമയമെടുത്താണു ചിത്രം പൂര്‍ത്തിയാക്കിയത്. ബോധി വൃക്ഷത്തില്‍ കിളികളേയും ബുദ്ധന്റെ സമീപത്തായി ഇരു വശങ്ങളിലുമായി മാനുകളേയും വരച്ചു ചേര്‍ത്തിട്ടുണ്ട്. പരമ്പരാഗത ചുമര്‍ചിത്ര ശൈലികളില്‍ പറയുന്ന രജോഗുണ പ്രദാനമായ മഞ്ഞ നിറത്തില്‍ കാവി ചുവപ്പു നിറം കൊണ്ടു ഷെയ്ഡു നല്‍കിയാണു ചിത്രത്തിനു കലാകാരന്മാര് ദൃശ്യചാരുത നല്‍കിയത്. ഭാരതീയ ശൈലിയുടെ പ്രധാന ചിത്രകലാ സങ്കേതമായ അജന്ത ഗുഹകളിലാണു ബുദ്ധന്റെ ജാതക കഥകള്‍ ഏറെ ചിത്രീകരിച്ചിരിക്കുന്നത്.
കേരളത്തിലെ ക്ഷേത്ര ചുമര്‍ചിത്രങ്ങളില്‍ ഒന്നും തന്നെ ബുദ്ധന്റെ ചിത്രങ്ങള്‍ വരച്ചതായി കാണുന്നില്ലെന്നു ആര്‍ട്ടിസ്റ്റ് നളിന്‍ ബാബു പറഞ്ഞു. അമ്പലപ്പുഴ ശ്രികൃഷണ സ്വാമി ക്ഷേത്രം, മമ്മിയൂര്‍ മഹാദേവ ക്ഷേത്രം, കുതിരാന്മല ധര്‍മശാസ്താ ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍ വരച്ചിട്ടുള്ള ആര്‍ട്ടിസ്റ്റ് നളിന്‍ ബാബു ചുമര്‍ചിത്രകലാ ആചാര്യന് മമ്മിയൂര്‍ കൃഷണന്‍കുട്ടി നായരുടെ ശിഷ്യനും പൊന്നാനി സാഹിത്യ കളരിയിലെ പ്രധാനിയുമായിരുന്ന പെരുവല്ലൂരിന്റെ കവി പരേതനായ കെ.ബി.മേനോന്റെ മകനുമാണ്. കലാ ആസ്വാദകയും കേന്ദ്ര മര്‍ക്കന്റയില്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഓഫിസുമായ ഡോ.ജെന്നി ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരമാണു ചിത്രം തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."