സേവാഗ്രാം വാര്‍ഡ് കേന്ദ്രങ്ങള്‍ സജീവമാക്കാതെ നഗരസഭ
ഒലവക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ പങ്കാളിത്ത ആസൂത്രണത്തിലൂടെ നടപ്പാക്കുക എന്ന ലക്ഷ്യവുമായി തദ്ദേശ സേവാഗ്രാം വാര്‍ഡ് കേന്ദ്രങ്ങള്‍ സജീവമാക്കാതെ നഗരസഭ ഇരുട്ടില്‍ തപ്പുന്നു. അയല്‍സഭകളും വാര്‍ഡ് വികസന സമിതികളും രൂപീകരിച്ച് വികസന പ്രക്രിയയില്‍ ജനപങ്കാളിത്തം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.
ജനസേവനം ഉറപ്പാക്കാന്‍ എല്ലാവാര്‍ഡുകളിലും സേവാഗ്രാം എന്ന പേരില്‍ വാര്‍ഡ് വികസന കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവടുപിടിച്ചായിരുന്നു പാലക്കാട് നഗരസഭയില്‍ വാര്‍ഡ് കേന്ദ്രങ്ങള്‍ക്കുള്ള ഓഫീസുകള്‍ തുറക്കുന്നത്. കഴിഞ്ഞവര്‍ഷം എല്ലാ വാര്‍ഡുകളിലും വാര്‍ഡ് കേന്ദ്രങ്ങള്‍ തുടങ്ങാനാണ് നഗരസഭയുടെ തീരുമാനം ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള പരിശീലനവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില)യുടെ സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ഓരോ വാര്‍ഡിലേയും 50 മുതല്‍ 100 വരെയുള്ള കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അയല്‍സഭകള്‍. ഇതിന് പതിനൊന്നംഗ നിര്‍വ്വാഹക സമിതിയുണ്ടാകും. ഈ സമിതിയുടെ മേല്‍നോട്ടത്തിലാണ് അതത് പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ഓരോ വാര്‍ഡിലും 5 മുതല്‍ 10 വരെ അയല്‍സഭകള്‍ രൂപീകരിക്കാനായിരുന്നു ഉദ്ദേശിച്ചത്. അയല്‍സഭയുടെ ഭാരവാഹികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വാര്‍ഡ് വികസന സമിതിയും ഇതിന്റെ ഭാഗമായി ഉണ്ടാകും.
നഗരസഭയുടെ തനത് ഫണ്ട് ഉള്‍പ്പെടെയുള്ള എല്ലാ പദ്ധതികളും സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങളും വാര്‍ഡ് വികസന സമിതിയുടെ നിയന്ത്രത്തിലും മേല്‍നോട്ടത്തിലുമാവും നടക്കുക. ഓരോ പ്രദേശത്തും ഏത് പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് തീരുമാനിക്കേണ്ടത് അയല്‍സഭകളാണ്.
പെന്‍ഷനുള്‍പ്പെടെയുള്ള വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്നത് അയല്‍സഭാ ഭാരവാഹികള്‍ക്ക് പ്രാതിനിധ്യമുള്ള വാര്‍ഡ് സഭകളായിരിക്കും. വാര്‍ഡ് സഭകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നതിന് ഇത് പരിഹാരമാകും. വരും വര്‍ഷങ്ങളിലെ വാര്‍ഷികപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും വാര്‍ഡ് വികസന സമിതിയുടെ സഹായവും പങ്കാളിത്തവും ഇതിലൂടെ ലഭിക്കും. എല്ലാദിവസവും മൂന്നുമണിമുതല്‍ ഏഴ് മണിവരെ വാര്‍ഡ് സഭ ഓഫീസുകള്‍ പ്രവര്‍ത്തിക്കണമെന്നാണ് വ്യവസ്ഥ.
വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള എല്ലാതരം അപേക്ഷകളും ഇനി മുതല്‍ വാര്‍ഡ് സഭാ ഓഫിസുകളിലാണ് സ്വീകരിക്കേണ്ടത്. ഓരോ വാര്‍ഡിലും നടപ്പാക്കുന്ന പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വാര്‍ഡ് സഭാ ഓഫീസുകളില്‍ ലഭ്യമാക്കണം.
2014 ജൂണ്‍ 26ന് ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിറങ്ങിയിട്ടുണ്ടെങ്കിലും പാലക്കാട് നഗരസഭയുള്‍പ്പെടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളൊന്നും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ രൂപീകരിച്ചിരുന്നില്ല വികസനത്തിന് ജനകീയ മുഖം നല്‍കുക. എന്ന ലക്ഷ്യത്തോടെയാണ് പാലക്കാട് നഗരസഭ ഇതിന് മുന്‍കൈയെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."