കൊച്ചി നഗരസഭ 138.51 കോടിയുടെ കരട് പദ്ധതികള്‍ക്ക് അംഗീകാരം
കൊച്ചി: നഗരസഭയുടെ 2017-18 ലെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 138.51 കോടിയുടെ കരടുപദ്ധതികള്‍ക്ക് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ അംഗീകാരം നല്‍കി. കൃഷി, പാര്‍പ്പിടം, കുടിവെളളം, ധനകാര്യം, ചേരി വികസനം, വെളളക്കെട്ട് നിവാരണം, പട്ടികജാതി ക്ഷേമം, മാലിന്യ സംസ്‌കരണം, മൃഗസംരക്ഷണം എന്നിങ്ങനെ 18 വിഭാഗങ്ങളിലായി 324 പദ്ധതികളാണ് നഗരസഭയില്‍ അവതരിപ്പിച്ചത്. ഇത് വാര്‍ഡ്‌സഭകളില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം വികസന സെമിനാറില്‍ അവതരിപ്പിക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.
വികസന ഫണ്ട് 49.2 കോടി, സ്‌പെഷ്യല്‍ കോമ്പൗണ്ട് പ്രൊജക്ട് (എസ്.സി.പി) 8.14 കോടി, 14ാം ധനകാര്യ കമ്മിഷന്‍ ഫണ്ട് 49.2 കോടി, റോഡ് മെയിന്റനന്‍സ് 29.43 കോടി, റോഡിതരം 10.71 കോടി എന്നിങ്ങനെയാണ് ഫണ്ട് വിഹിതം. എസ്.സി.പി ഫണ്ടില്‍ ഇത്തവണ 2016-17 നെ അപേക്ഷിച്ച് 4.31 കോടിയും റോഡിതരത്തില്‍ 2.56 കോടി രൂപയും കുറഞ്ഞു. റോഡിന്റെ കൃത്യമായ ആസ്തി രേഖപ്പെടുത്തി സര്‍ക്കാരിനെ അറിയിക്കാത്തതിനാലാണ് നടപ്പുവര്‍ഷത്തെ ഫണ്ടില്‍ കുറവ് വന്നതെന്ന് സി.പി.എം പാര്‍ലമെന്ററി നേതാവ് വി.പി ചന്ദ്രന്‍ പറഞ്ഞു.
13ാം പദ്ധതിയുടെ വികസനരേഖ തയ്യാറാക്കുന്നതില്‍ ഭരണസമിതി വീഴ്ച വരുത്തിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ഈ പദ്ധതിരേഖയുമായി വാര്‍ഡ് സഭകള്‍ കൂടാന്‍ കഴിയില്ല. സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി നിലവിലുളള വര്‍ക്കിങ് ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പൊതു കെട്ടിട വിഭാഗത്തില്‍ പെടുത്തി നഗരസഭയുടെ കീഴിലുള്ള ലിബ്രാ ഹോട്ടല്‍ നവീകരിച്ച് പുറത്തുനിന്ന് നഗരത്തിലെത്തുന്നവര്‍ക്ക് രാത്രി തങ്ങുന്നതിനായുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി ആവശ്യപ്പെട്ടു. ഈ കെട്ടിടത്തില്‍ 80ല്‍ അധികം കടമുറികള്‍ ഉണ്ടെന്നും ഇവ പുനര്‍ നിര്‍മിച്ച് നഗരസഭയ്ക്ക് വരുമാനമാര്‍ഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കുന്ന പദ്ധതി മുന്‍ വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലമെന്ന് ഡെപ്യുട്ടി മേയര്‍ ടി.ജെ വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."