അപകടം പതിവായ യൂടേണില്‍ സുരക്ഷാ സംവിധാനമാവശ്യപ്പെട്ട് ഒറ്റയാള്‍ സമരം
നെടുമ്പാശ്ശേരി: അപകടം പതിവായ ആലുവ അങ്കമാലി ദേശീയപാതയിലെ പറമ്പയം യുടേണില്‍ സുരക്ഷാ സംവിധാനം വേണമെന്നാവശ്യപ്പെട്ട് അധ്യാപകന്‍ നടത്തിയ ഒറ്റയാള്‍ സമരം ശ്രദ്ധേയമായി. ഈ ഭാഗത്ത് ഉണ്ടായ അപകടങ്ങളില്‍ മനുഷ്യ ജീവനുകള്‍ പൊലിയുന്നത് പതിവായതോടെയാണ് ചേര്‍ത്തല ഉഴുവ ഗവ. യു.പി സ്‌കൂള്‍ സംസ്‌കൃത അധ്യാപകനും ചെങ്ങമനാട് പറമ്പയം സ്വദേശിയുമായ ഡോ. വി.എ വിനോവിന്‍ ഒറ്റയാള്‍ സമരവുമായി രംഗത്തിറങ്ങിയത്. ഇന്നലെ രാവിലെ യുടേണിലെ മീഡിയനില്‍ ശ്രദ്ധക്ഷണിക്കല്‍ പ്ലക്കാര്‍ഡുമായി നിന്നും ഇരുന്നും കിടന്നും നടന്നുമാണ് ഇദ്ദേഹം വേറിട്ട സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശിനിയായ വീട്ടമ്മ പറമ്പയം യുടേണില്‍ കാറിടിച്ച് മരിക്കുകയുണ്ടായി. ഭര്‍ത്താവ് ബാലകൃഷ്ണന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 16ഓളം പേര്‍ക്ക് ഇവിടെ ജീവഹാനി സംഭവിച്ചതായാണ് കണക്ക്. നിരവധി പേര്‍ക്ക് പരിക്കുകളുണ്ടായി.
ഈ യു ടേണ്‍ വഴിയാണ് വിനോവിനും യാത്ര ചെയ്യുന്നത്. ഇവിടെ നിന്ന് ഏകദേശം 200 മീറ്റര്‍ ദൂരത്താണ് വിനോവിന്റെ വീട്. കുടുംബാംഗങ്ങളും, വയോജനങ്ങള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞുങ്ങളുമായെത്തുന്ന വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ അടക്കമുള്ള നാട്ടുകാരും വാഹനങ്ങള്‍ ചീറിപ്പായുന്ന ദേശീയപാത മുറിച്ച് കടക്കാന്‍ പറമ്പയം യുടേണില്‍ ക്ലേശിക്കുന്നതും നിത്യകാഴ്ചയാണ്. അതിനാല്‍ അപകട രഹിതമായി യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ സുരക്ഷ സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വിനോവിന്‍ പറഞ്ഞു.
ദേശീയപാതയുടെ അശാസ്ത്രീയ നിര്‍മ്മാണമാണ് യുടേണില്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രധാന ദുരിതം. പൊലിസ് ക്യാബിനോ, സ്റ്റോപ് ബ്രേക്കറോ ഇവിടെയില്ല. തിരക്കുള്ള രാവിലെയും വൈകിട്ടും ട്രാഫിക് നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കുകയോ, സിഗ്‌നല്‍, ബ്‌ളിംഗര്‍ ലൈറ്റ് തുടങ്ങിയ ഏതെങ്കിലും സുരക്ഷ സംവിധാനം അടിയന്തിരമായി ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് വിനോവിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."