ജനവാസ മേഖലയില്‍ മൊബൈല്‍ ടവറിന് അനുമതി; നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
ചവറ: ജനവാസ മേഖലയില്‍ മൊബൈല്‍ ടവറിന് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. ചവറ ഗ്രാമ പഞ്ചായത്തിലെ തട്ടാശ്ശേരി വാര്‍ഡിലാണ് സ്വകാര്യ മൊബൈല്‍ കമ്പനിയുടെ ടവറിന് പഞ്ചായത്ത് സെക്രട്ടറി അനുമതി നല്‍കിയത്.
കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരകരോഗങ്ങള്‍ മൂലം ചവറയിലെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഭിഷണിയായി മൊബൈല്‍ ടവര്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റിയില്‍ ടവര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കരുതെന്ന് മുഴുവന്‍ അംഗങ്ങളും ആവിശ്യപ്പെട്ടിട്ടും സെക്രട്ടറി അനുമതി നല്‍കുകയായിരുന്നെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കിയ വാര്‍ഡംഗം പൊന്നി വല്ലഭദാസ് പറഞ്ഞു.
സ്ത്രീകളുള്‍പ്പടെയുള്ളവരാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി പഞ്ചായത്തില്‍ എത്തിയത്. സെക്രട്ടറിയെ ഉപരോധിച്ച സമരക്കാര്‍ ജനദ്രോഹ നിലപാടാണ് പഞ്ചായത്ത് സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. ഏറെ നേരം നീണ്ട് നിന്ന ഉപരോധത്തിനൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കാമെന്ന് സമരക്കാരെ അറിയിച്ചതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്. എന്നാല്‍ ടവറിന് അനുമതി നല്കാന് ഹൈക്കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് അനുമതി നല്‍കിയതെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."