ശ്രീജിത്തിന്റെ ഭാര്യ അഖില പറവൂര്‍ താലൂക്ക് ഓഫിസില്‍ ജോലിയില്‍ പ്രവേശിച്ചു
കൊച്ചി: വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില പറവൂര്‍ താലൂക്ക് ഓഫിസില്‍ ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ പറവൂര്‍ തഹസില്‍ദാരുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകളും നിയമന ഉത്തരവും ഹാജരാക്കുകയായിരുന്നു. ഇവ പരിശോധിച്ച ശേഷം തഹസില്‍ദാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുമതി നല്കി. ഓഫിസിലെ എ3 സെക്ഷനില്‍ ആണ് അഖിലയ്ക്ക് സീറ്റ് നല്‍കിയിരിക്കുന്നത്.
ശ്രീജിത്തിന്റെ അസ്ഥിത്തറയില്‍ പ്രാര്‍ഥിച്ചശേഷം ഭര്തൃസഹോദരന് രഞ്ജിത്തിനൊപ്പമാണ് അഖില ജോലിയില്‍ പ്രവേശിക്കാനെത്തിയത്. ശ്രീജിത്തിന്റെ ജീവന്റെ വിലയാണ് ജോലിയെന്നും കിട്ടിയതില്‍ ആശ്വാസമുണ്ടെന്നും അഖില പറഞ്ഞു. മകളുടെ ഭാവി ഭദ്രമാക്കാന്‍ ജോലി സഹായകമാകും. ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിയമത്തിനുമുന്നില്‍ എത്തിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അഖില കൂട്ടിച്ചേര്‍ത്തു. രണ്ടാം തിയതിയാണ് അഖിലയ്ക്ക് ജോലി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
17ന് ജില്ലാ കലക്ടര്‍ വീട്ടിലെത്തി നിയമന ഉത്തരവും കുടുംബത്തിനുള്ള പത്ത് ലക്ഷം രൂപ സഹായവും കൈമാറുകയായിരുന്നു. 15 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."