ജാനകിക്ക് ഇനി ഹോപ്പിന്റെ തണല്‍
ചെറുവത്തൂര്‍: ഉറ്റവരാരും തിരിഞ്ഞ് നോക്കാതെ മരുന്നും ഭക്ഷണവും ലഭിക്കാതെ വീടിനുള്ളില്‍ അവശ നിലയില്‍ കഴിയുകയായിരുന്ന പിലിക്കോട് മട്ടലായിലെ കുളങ്ങര ജാനകിക്ക് പിലാത്തറയിലെ ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സാന്ത്വന സ്പര്‍ശം. അവശ നിലയില്‍ വീട്ടില്‍ കഴിയുകയായിരുന്ന വയോധികയുടെ ദുരിതത്തെ കുറിച്ച് നാട്ടുകാരാണു വിവരം അറിയിച്ചത്. ഇവര്‍ക്ക് രണ്ട് ആണ് മക്കളാണുള്ളത്. എന്നാല്‍ കിടപ്പിലായ അമ്മക്ക് ഇവരില്‍ നിന്നു പരിചരണം ലഭിക്കുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടു തന്നെ നാട്ടുകാരുടെ കാരുണ്യത്തിലാണ് ഇത്രയും നാള് തള്ളി നീക്കിയത്. ജാനകിയുടെ കണ്ണിന് അസുഖം ബാധിച്ച് കാഴ്ച കുറഞ്ഞപ്പോള്‍ നാടുകാരുടെ നേതൃത്വത്തില്‍ ഫണ്ട് സ്വരൂപിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ദേശീയപാതക്ക് സമീപം ഒന്‍പതു സെന്റ് സ്ഥലവും ഇ.എം.എസ് ഭവന പദ്ധതി പ്രകാരം നിര്‍മിച്ച ഒരു പുരയിടവുമാണ് ഇവര്‍ക്കുള്ളത്.
നാട്ടുകാര്‍ക്കു കുടിവെള്ളം ലഭ്യമാക്കുന്നതിന് വേണ്ടി മൂന്ന് സെന്റ് ഭൂമി ഇവര്‍ സൗജന്യമായി നല്‍കിയിരുന്നു. ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകരെത്തുകയും മക്കളുടെ അനുവാദത്തോടെ പൊലിസിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിലും ഏറ്റെടുക്കുകയും ചെയ്തു. ഇവരെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പിലാത്തറയിലെ ചാരിറ്റബിള്‍ സെന്ററിലേക്ക് മാറ്റിപാര്‍പ്പിക്കും.
ഹോപ്പ് ചാരിറ്റബിള്‍ പ്രവര്‍ത്തകരായ ജയമോഹന്, എം.പി മധുസൂദനന്, ഡോ. ഷാഹുല്‍ ഹമീദ് എന്നിവരാണു കാരുണ്യ പ്രവൃത്തിക്ക് നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."