പള്‍സ് തിളപ്പിക്കാന്‍ പള്‍സര്‍ സി.എസ് 400
വിളിപ്പേര് സി.എസ് 400. ഒന്നുകൂടി വിശദീകരിച്ചാല്‍ ക്രൂയിസര്‍ സ്‌പോര്‍ട്ട് 400. എന്നാല്‍ പേരിലല്ലാതെ ഒരു ക്രൂയിസര്‍ ബൈക്കിന്റെ രൂപഭാവങ്ങള്‍ ഒന്നും തന്നെ ബജാജിന്റെ ഈ പുതിയ അവതാരത്തിനില്ലെന്നതാണു വാസ്തവം. സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ എന്ന കാലങ്ങളായുള്ള ബജാജിന്റെ തലവര മാറ്റിവരച്ചത് പള്‍സര്‍ എന്ന ബൈക്ക് ആയിരുന്നു. പല വകഭേദങ്ങളായി പുറത്തിറക്കിയ ബൈക്ക് ഏറ്റവുമൊടുവില്‍ എത്തുന്നത് സി.എസ് 400 എന്ന പേരില്‍ ആണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബജാജ് ഇതുവരെ പുറത്തിറക്കിയതില്‍ വച്ച് ഏറ്റവും കരുത്തുള്ള പള്‍സര്‍മോഡല്‍ ആണിതെന്ന സവിശേഷതയുമുണ്ട്.
ഡിസൈനിങ്ങിന്റെ കാര്യത്തില്‍ ഡ്യുകാറ്റിയുടെ ഡയാവലിനോടാണ് പുതിയ പള്‍സറിനു സാമ്യം. ഒരു പവര്‍ ക്രൂയിസര്‍ എന്നു പറയാവുന്ന ഡയാവലിനെ അപേക്ഷിച്ച് കുറഞ്ഞ എന്‍ജിന്‍ കപ്പാസിറ്റിയുള്ള ഒരു ടൂറിങ്‌ബൈക്ക് എന്ന് പുതിയ പള്‍സറിനെ വിളിക്കാം.
ഒരു ക്രൂയിസറിന്റെയും സ്ട്രീറ്റ് മോട്ടോര്‍സൈക്കിളിന്റെയും സങ്കലനം എന്നു വേണമെങ്കില്‍ പുതിയ പള്‍സറിനെ വിളിക്കാം. എങ്കിലും ഹൈവേയിലെ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്ന രീതിയില്‍ തന്നെയാണ് മുന്‍വശത്തെ രൂപകല്‍പ്പന. ഒരു ക്രൂയിസറിന്റെ അത്രതന്നെയില്ലെങ്കിലും അല്‍പം മുന്നിലേക്ക് നീണ്ടാണ് ഫോര്‍ക്ക് ട്യൂബുകള്‍ സ്ഥിതിചെയ്യുന്നത്. 2014ലെ ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച മോഡലിന് അപ്‌സൈഡ് ഡൗണ്‍ എന്നറിയപ്പെടുന്ന തലതിരിഞ്ഞ രീതിയിലുള്ള ഫോര്‍ക്കുകള്‍ ആയിരുന്നെങ്കിലും പ്രൊഡക്ഷന്‍ വേര്‍ഷന് സാധാരണ കാണുന്നതുപോലുള്ള ടെലസ്‌കോപ്പിക് ഫോര്‍ക്കുകള്‍ തന്നെയായിരിക്കും.
ഡയാവലിന്റെതുപോലെ സ്പ്‌ളിറ്റ് ഇന്‍സ്ട്രുമെന്റ് ക്‌ളസ്റ്റര്‍ തന്നെയാണ് സി.എസ് 400നും. ഒരു യൂണിറ്റ് ഹാന്‍ഡില്‍ ബാറിലും മറ്റൊന്ന് പെട്രോള്‍ ടാങ്കിന് മുകളിലുമായി വിചിത്രരീതിയിലാണ്. പെട്രോള്‍ ടാങ്കിന് ബജാജിന്റെ തന്നെ എന്‍. എസ് 200 നോടാണ് കൂടുതല്‍ സാമ്യം. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലുള്ള നീളം കൂടിയ സീറ്റുകളും സവിശേഷതയാണ്.
ബജാജിന്റെ തന്നെ സഹകരണത്തോടെ ആസ്‌ത്രേലിയന്‍ കമ്പനിയായ കെ.ടി. എം നിര്‍മിക്കുന്ന ഡ്യൂക്ക് 390 യില്‍ ഉപയോഗിക്കുന്ന 373 സി. സി ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ തന്നെയാണ് സി.എസ് 400 ലും സ്ഥാനം പിടിച്ചിരിക്കുന്നത്. പക്ഷേ, ഒരു ടൂറിങ്ങ് ബൈക്കിന് അനുയോജ്യമായ രീതിയില്‍ ട്യൂണിങ്ങ് മാറ്റിയിട്ടുണ്ടെന്ന് മാത്രം. അതുകൊണ്ടുതന്നെ 40 ബി. എച്ച്. പിയാണ് എന്‍ജിന്‍ പവര്‍. അതായത് ഡ്യൂക്കിനേക്കാള്‍ നാല് ബി. എച്ച്. പി കുറവെന്നര്‍ഥം. രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കോടെ എത്തുന്ന ബൈക്കിന് സിങ്കിള്‍ ചാനല്‍ എ. ബി. എസ് (ആന്റി ലോക്ക് ബ്രേക്കിങ്) സംവിധാനവും ഉണ്ട്. എന്നാല്‍ ഉയര്‍ന്ന പവര്‍ കണക്കിലെടുത്ത് ഓപ്ഷണല്‍ ആയി ഒരു ഡ്യുവല്‍ ചാനല്‍ എ. ബി. എസിനെക്കുറിച്ചും ബജാജ് ആലോചിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. മുന്‍വശത്തെ ടയറില്‍ മാത്രം എ. ബി. എസ് സംവിധാനം പ്രവര്‍ത്തിക്കുന്ന സിങ്കിള്‍ ചാനലിനെ അപേക്ഷിച്ച് , ഹോണ്ടയുടെ സി. ബി. ആര്‍ 250 ആറിലും ടി. വി. എസ് അപ്പാച്ചെ ആര്‍. ടി. ആര്‍ 180 യിലും ഒക്കെയുള്ള ഡ്യുവല്‍ ചാനല്‍ എ. ബി. എസ് ആണ് കൂടുതല്‍ കാര്യക്ഷമമാവുകയെന്നതിനാലാണിത്.
1.6 ലക്ഷമോ 1.7 ലക്ഷമോ വില പ്രതീക്ഷിക്കുന്ന ബൈക്കിന്റെ നിര്‍മാണ ചെവല് പരമാവധി കുറയ്ക്കാനായി പള്‍സര്‍ ആര്‍. എസ് 200 ല്‍ നിന്നും പല ഭാഗങ്ങളും കടമെടുത്തിട്ടുണ്ട് ബജാജ്്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."