ആനന്ദം @ 360^0
സമീപ കാലത്ത് ലോകം കണ്ട ഏറ്റവും മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ നടത്തി ക്രിക്കറ്റ് പ്രേമികളെ വിസ്മയിപ്പിച്ച താരമാണ് എ.ബി. ടി20യുടെ വരവോടെ ക്രിക്കറ്റില്‍ രൂപപ്പെട്ട അപൂര്‍വ ഷോട്ടുകളെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ താരമായ അദ്ദേഹം അത്തരം ഷോട്ടുകളുടെ കലവറയാണ് താനെന്ന് പലവട്ടം തെളിയിച്ചു. മികച്ച ഫീല്‍ഡറും വിക്കറ്റ് കീപ്പറും കൂടിയായ ഡിവില്ല്യേഴ്‌സ് സമ്പൂര്‍ണ താരമായാണ് വിലയിരുത്തപ്പെടുന്നത്. ക്രിക്കറ്റ് പ്രേമികളെ ധ്യാനാവസ്ഥയില്‍ നിര്‍ത്തി ആനന്ദപ്പിച്ച ക്രിക്കറ്റിന്റെ ആധുനിക അംബാസഡറായിരുന്നു എ.ബി.ഡി.
ഏകദിനത്തിലെ ഏറ്റവും വേഗതയാര്‍ന്ന 50, 100, 150 എന്നിവ നേടി റെക്കോര്‍ഡിടാനും ഡിവില്ല്യേഴ്‌സിന് സാധിച്ചു. 2015ല്‍ വെസ്റ്റിന്‍ഡീസിനെതിരേയായിരുന്നു ഈ മാസ്മരിക പ്രകടനം. 16 പന്തില്‍ അര്‍ധ സെഞ്ച്വറി പിന്നിട്ട് റെക്കോര്‍ഡിട്ട് മുന്നേറിയ എ.ബി.ഡി പിന്നീട് 31 പന്തില്‍ 11 സിക്‌സും എട്ട് ഫോറും സഹിതം സെഞ്ച്വറി നേടിയാണ് രണ്ടാം റെക്കോര്‍ഡും കുറിച്ചത്. പുറത്താകുമ്പോള്‍ താരം 44 പന്തില്‍ 16 സിക്‌സും ഒന്‍പത് ഫോറും സഹിതം 149 റണ്‍സ് അടിച്ചെടുത്തു. ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 150 റണ്‍സെടുത്ത് റെക്കോര്‍ഡ് സ്ഥാപിച്ചത് വെസ്റ്റിന്‍ഡിസിനെതിരായ ലോകകപ്പ് പോരാട്ടത്തിലായിരുന്നു. അന്ന് വെറും 66 പന്തില്‍ 17 ഫോറും എട്ട് സിക്‌സും സഹിതം 162 റണ്‍സ് നേടി ഡിവില്ല്യേഴ്‌സ് പുറത്താകാതെ നിന്നു.
ചെറുപ്പത്തില്‍ ടെന്നീസിലൂടെ കളിക്കളത്തിലെത്തിയ ഡിവില്ല്യേഴ്‌സ് പിന്നീട് റഗ്ബിയിലേക്കും അവിടെ നിന്ന് ക്രിക്കറ്റിലേക്കും എത്തിപ്പെട്ട താരമാണ്. അതുകൊണ്ടുതന്നെ ആ കളികളുടെ സ്വാധീനം ഒളിഞ്ഞും തെളിഞ്ഞും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനില്‍ കാണാം. ദിവസങ്ങള്‍ക്ക് മുന്‍പ് ഐ.പി.എല്ലില്‍ ബൗണ്ടറി വരയ്ക്ക് സമീപം വച്ച് വായുവില്‍ നിന്ന് സ്വന്തമാക്കിയ ക്യാച്ചില്‍ വരെ ഡിവില്ല്യേഴ്‌സ് സ്പര്‍ശം അടയാളപ്പെടുത്തിയാണ് അദ്ദേഹം കളമൊഴിയുന്നത്.
ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ പോലെ സ്വന്തം ടീമംഗങ്ങളേയും എതിര്‍ ടീമംഗങ്ങളേയും ഒരുപോലെ ആനന്ദിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത അപൂര്‍വം ക്രിക്കറ്ററാണ് ഡിവില്ല്യേഴ്‌സ്. അദ്ദേഹം കളി മതിയാക്കുമ്പോള്‍ നഷ്ടം നമുക്കും ക്രിക്കറ്റിനും തന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."