മറയൂരില്‍ ലയത്തിനുള്ളില്‍ കാട്ടാന; കൃഷി നശിപ്പിച്ചു
മറയൂര്‍: മറയൂരിലെ കാര്‍ഷിക പ്രദേശങ്ങള്‍ക്ക് പുറമെ തോട്ടം മേഖലയിലുംകാട്ടാന ശല്യം. കഴിഞ്ഞ ദിവസം മറയൂരില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലയുള്ള തലയാര്‍ വുഡ് ബ്രയര്‍ ഗ്രൂപ്പിന്റെ എണ്‍പത് തൊഴിലാളി കുടുംബങ്ങള്‍ താമസിക്കുന്ന കോഫീ സ്‌റ്റോര്‍ ലയത്തിനുള്ളിലാണ് ഒറ്റയാന്‍ എത്തിയത്. ലയത്തിന് സമീപത്തായി തൊഴിലാളികള്‍ കൃഷി ചെയ്തിരുന്ന പാവല്‍, വാഴ, ബീന്‍സ്, മാതള നാരകം, തീറ്റപ്പുല്‍ എന്നിവ പൂര്‍ണ്ണമായും നശിപ്പിച്ചു.
റോഡരികില്‍വഴിയോര കച്ചവടത്തിനായി സ്ഥാപിച്ച പെട്ടിക്കടയും ഓറ്റയാന്‍ തള്ളിമറിച്ചിട്ടാണ് മടങ്ങിയത്. പെട്ടിക്കട മറിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് സമീപത്തുള്ള കടയില്‍ കിടന്നുറങ്ങിയവര്‍ നോക്കിയപ്പോഴാണ് ഒറ്റയാനെ കണ്ടത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഒറ്റയാന്‍ പെട്ടിക്കട നശിപ്പിച്ചത്. കോഫീസ്‌റ്റോര്‍ തേയില കമ്പനി ഡിസ്പന്‍സറിക്ക് സമീപത്തുള്ള ഗോപിയുടെ പെട്ടിക്കടയാണ് കാട്ടാന നശിപ്പിച്ച്ത്. ലയത്തിന് സമീപം അന്‍പത് സെന്റ് സ്ഥലത്ത് പന്തല്‍ വിരിച്ച് കൃഷി ചെയ്തിരുന്ന മാടസ്വാമിയുടെ പാവല്‍തോട്ടം പകുതിയിലധികം കാട്ടന നശിപ്പിച്ചു. പാവല്‍ തോട്ടത്തിനുള്ളില്‍ നിന്നിരുന്ന വാഴ തിന്നാന്‍ എത്തുന്നതിനിടെയാണ് പന്തലും പാവലും നശിപ്പിച്ചത്.
ലയത്തിന്റെ തൊട്ടരുകില്‍ കൃഷിചെയ്തിരുന്ന മണിമുത്തയ്യയുടെ നിരവധി വാഴകളും ബീന്‍സ് കൃഷിയും, മാതള നാരകത്തിന്റെ മരങ്ങളും, സമീപത്ത് തന്നെയുള്ള മണികണ്ഠന്റെ തീറ്റപുല്‍ കൃഷിയും, വാഴകൃഷിയും തകര്‍ത്തെറിഞ്ഞാണ് ഒറ്റയാന്‍ മടങ്ങിയത്. സമീപ പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങാറുണ്ടെങ്കിലും ലയത്തിനുള്ളിലൂടെ കാട്ടാന സഞ്ചരിക്കുന്നത് ആദ്യമായുള്ള അനുഭവമാണെന്ന് തൊഴിലാളിയായ വിജയന്‍ പറയുന്നു. ലയങ്ങള്‍ക്കിടയിലൂടെ കാട്ടാന സഞ്ചരിച്ചതിനെ തുടര്‍ന്ന് എണ്‍പതോളം വരുന്ന തൊഴിലാളി കുടുംബങ്ങള്‍ ഭീതിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."