കരിമീന്‍ ഫെസ്റ്റ് നാളെ
മാള: കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകീട്ട് കരിമീന്‍ ഫെസ്റ്റ് 2017 സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിങ്ങോള്‍ച്ചിറ ചാലിലെ മത്സ്യസമ്പത്ത് അപകടകരമാംവിധം കുറഞ്ഞ് വരുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുന്നതിനും മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിലേക്കായി ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനുമായാണ് കരിമീന്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കരിങ്ങോള്‍ച്ചിറ ചാലില്‍ നിന്നും മുന്‍കാലങ്ങളില്‍ ലഭ്യമായിരുന്ന അപൂര്‍വ മത്സ്യയിനങ്ങളില്‍ പലതുമിപ്പോള്‍ ലഭിക്കുന്നില്ല.
ഔഷധ ഗുണങ്ങളുള്ള മലിഞ്ഞീന്‍, കാരി, മുതുകാടി, കോലാന്‍, മുഷി, ആറ്റുകൊഞ്ച്, പൂളാന്‍ (പയച്ചി ) തുടങ്ങിയവയെല്ലാമിപ്പോള്‍ അപ്രത്യക്ഷമായിരിക്കയാണ്. പരമ്പരാഗത മത്സ്യബന്ധന രീതികളില്‍ നിന്നുമാറി അടക്കംകൊല്ലി പോലുള്ള മത്സ്യബന്ധന രീതികള്‍ അവലംബിക്കുന്നതാണ് ഇത്തരത്തിലുള്ള മത്സ്യശോഷണത്തിന് കാരണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കരിങ്ങോള്‍ച്ചിറ ജനകീയ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു. നാളെ വൈകീട്ട് നാലുമണി മുതല്‍ കരിങ്ങോള്‍ച്ചിറ ചാലിന്‍ തീരത്ത് നടക്കുന്ന കരിമീന്‍ ഫെസ്റ്റ് അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത് ലാല്‍ അധ്യക്ഷനാകും. സമ്മേളനാനന്തരം കേരളീയരുടെ സ്വാദിഷ്ട വിഭവമായ കപ്പയും മീന്‍കറിയും സൗജന്യമായി വിതരണം ചെയ്യുമെന്ന് ജനകീയ കൂട്ടായ്മ പ്രസിഡന്റ് മാങ്കപ്പാടത്ത് സാലിസജീര്‍, സെക്രട്ടറി യു.കെ.വേലായുധന്‍, ജോ.സെക്രട്ടറി എം.കെ.അഷറഫ് കടുപ്പൂക്കര, രവീന്ദ്രന്‍ തെക്കേടത്ത്, സി.എം.റിയാസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."