പോസ്റ്റല്‍ ആര്‍.എം.എസ് മേഖലയില്‍ ഇന്നലെയും പണിമുടക്ക് പൂര്‍ണം
ഷൊര്‍ണൂര്‍: പോസ്റ്റല്‍ ആര്‍.എം.എസ് മേഖലയില്‍ ഇന്നലെയും പണിമുടക്ക് പൂര്‍ണം. എന്‍.എഫ്.പി.ഇ, എഫ്.എല്‍.പി.ഒ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ജി.ഡി.എസ്. ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുക കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംഘടനകള്‍ പണിമുടക്കുന്നത്. പണിമുടക്ക് മൂലം കത്തിടപാടുകള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയള്ള എല്ലാ ആര്‍.എം.എസ് ഓഫിസുകളും അടഞ്ഞ് കിടക്കുകയാണ്. സംസ്ഥാനത്തെ പ്രധാന പാര്‍സല്‍ ഹബ്ബായ ഷൊര്‍ണൂര്‍ എച്ച് ട്രാന്‍സിസ്റ്റ് മെയിന്‍ ഓഫിസുകള്‍ സബ് റിക്കാര്‍ഡ് ഓഫിസുകളും പണിമുടക്കിലാണ്. പണിമുടക്ക് മൂലം ഒട്ടുമിക്ക ആര്‍.എം.എസ് ഓഫിസുകളിലും തപാല്‍ ഉരുപ്പടികള്‍ കുന്നുകൂടികിടക്കുകയാണ്. 2016 മുതല്‍ സേവന വേതന വര്‍ധനവ് ലഭിക്കേണ്ട നാല് ലക്ഷത്തോളം ജി.ഡി.എസ് ജീവനക്കാരാണ് ഉള്ളത്.
മണ്ണാര്‍ക്കാട്: തപാല്‍ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരും റഗുലര്‍, ആര്‍.എം.എസ്. ജീവനക്കാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടുനാള്‍ പിന്നിട്ടു. ജി.ഡി.എസ് ജീവനക്കാരുടെ വേതന പരിഷ്‌ക്കരണത്തിന് തയ്യാറാക്കിയ കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജ്യവ്യാപകമായി തപാല്‍, ജി.ഡി.എസ്, ആര്‍.എം.എസ് ജീവനക്കാര്‍ അനിശ്ചിതകാല സമരം നടത്തുന്നത്. പണിമുടക്കിന്റെ ഭാഗമായി എ.ഐ.ജി.ഡി.എസ്.യു ഒറ്റപ്പാലം ഡിവിഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് തപാല്‍ ഓഫിസിന്റെ മുന്നില്‍ ധര്‍ണ നടത്തി. കെ.ശ്രീധരന്റെ അദ്ധ്യക്ഷതയില്‍ മുന്‍ ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. കെ.ജയദേവന്‍, ടി.വി.എം അലി, ഇ.കെ. മജീദ്, പൂഞ്ചോല വിജയന്‍, കറുപ്പന്‍, വിദ്യാനന്ദന്‍, വി.പി.ശ്രീധരനുണ്ണി, ടി.പി ബാലസുന്ദരന്‍, അജിത്കുമാര്‍, പി.സുകുമാരന്‍ ധര്‍ണക്ക് നേതൃത്യം നല്‍കി. സമരത്തിന്റെ ഭാഗമായി നഗരത്തില്‍ പ്രകടനവും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."