ഉത്തരേന്ത്യയില്‍ അക്രമമുണ്ടാകുമ്പോള്‍ മാത്രം ഞെട്ടിയാല്‍ പോരാ..
നേരത്തേ ഉറങ്ങുന്ന നഗരമാണു കാസര്‍കോട്. സൂര്യന്‍ കടലിനെ തൊടുമ്പോഴേയ്ക്കും കടകമ്പോളങ്ങള്‍ അടയാന്‍ തുടങ്ങും. ബസ്സോട്ടം നിലച്ചുതുടങ്ങും, റോഡുകള്‍ ശൂന്യമാവും. പുറത്തുനിന്നു വന്നുപെട്ടവര്‍ക്ക് അതുമായി പൊരുത്തപ്പെടാന്‍ പ്രയാസമാകും. കാസര്‍ക്കോട്ടുകാര്‍ പണ്ടേ പൊരുത്തപ്പെട്ടുപോന്നവരായതിനാല്‍ ബുദ്ധിമുട്ടു തോന്നാറില്ല.
രാത്രിയിലുണ്ടാകുന്ന അസ്വാഭാവികമായ ചെറിയ അനക്കങ്ങള്‍പോലും ഭീതിയോടെയാണിപ്പോള്‍ കാസര്‍ക്കോട്ടുകാര്‍ കാണുന്നത്. അവരേറെ വെറുക്കുന്ന വാക്ക് കൊലപാതകമെന്നതായിരിക്കും. ഒരു കൊലപാതകത്തിനു പിന്നാലെ നടക്കുന്ന ഭീതിതമായ അക്രമങ്ങള്‍, വികാരം അതിരുവിടുന്ന സന്ദര്‍ഭങ്ങള്‍, എല്ലാം നിയന്ത്രിച്ചു ശാന്തമാക്കാനെടുക്കുന്ന കാലതാമസവും കഠിനശ്രമവും. ഇതൊക്കെയോര്‍ത്ത് അക്രമസംഭവങ്ങള്‍ ഉടലെടുക്കരുതേയെന്ന പ്രാര്‍ത്ഥനയിലാണവര്‍.
പഴയ ചൂരിയില്‍ പള്ളിയില്‍ കയറി മദ്‌റസാ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം വ്യാപകമായ അക്രമങ്ങളിലേക്ക് ഏതുനിമിഷവും വഴിമാറിപ്പോകാമായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ചെറുപ്പക്കാരുടെ ഭാഗത്തുനിന്നുണ്ടായ കരുതല്‍ പ്രശംസനീയമാണ്. കൊലപാതകം നടക്കുമ്പോള്‍ തൊട്ടുപിന്നാലെ വിദ്വേഷം പരത്തുന്ന പ്രചാരണങ്ങള്‍ പുറത്തുവിടാറുള്ള സോഷ്യല്‍മീഡിയ ഇപ്രാവശ്യം സംയമനം പാലിച്ചു. അതിനു പകരം ഓരോ കാസര്‍കോട്ടുകാരന്റെയും സ്റ്റാറ്റസുകള്‍ പ്രചരിപ്പിച്ചതു സമാധാനത്തിന്റെ ആഹ്വാനങ്ങളായിരുന്നു. ആത്മനിയന്ത്രണം എന്താണെന്ന് അവര്‍ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുത്തു.
പക്ഷേ, ഉത്തരേന്ത്യയില്‍ എന്തു നടന്നാലും ചര്‍ച്ചയാക്കുന്നവര്‍ കാസര്‍ക്കോട്ടെ ക്രൂരമായ കൊലപാതകത്തെ പരസ്യമായി അപലപിക്കാന്‍പോലും രംഗത്തു വരാത്തതില്‍ ആ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അമര്‍ഷമുണ്ട്. കണ്‍മുന്നില്‍ത്തന്നെ അതിഭീകരമായൊരു കൊലപാതകം നടന്നിട്ടും പ്രതികരിക്കാതെ ഞാനൊന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ ഇരിക്കുന്നതാണ് അവരുടെ സ്‌നേഹം. ഉത്തരേന്ത്യയില്‍ സംഭവങ്ങളുണ്ടാകുമ്പോള്‍ മാത്രം നാടൊട്ടുക്ക് ബീഫ് വരട്ടിക്കൊടുത്താല്‍ പോരല്ലോ.
മദ്‌റസാ അധ്യാപകനെ കൊന്നിട്ടും ലക്ഷ്യം നേടാനാകാത്തവര്‍ പ്രകോപനത്തിന്റെ അടുത്ത പടിയായി അമ്പലത്തില്‍ കയറി പൂജാരിയെ കൊന്നാലും അദ്ഭുതപ്പെടാനില്ല. നാടിനെ എങ്ങനെയും കലാപകലുഷിതമാക്കി ഏറ്റവുമടുത്ത ഘട്ടത്തില്‍ ചളിക്കുളത്തിലെ കലക്കവെള്ളത്തില്‍ ഏതോ പൂവ് വിരിയിക്കാമെന്ന വിചാരവുമായി നടക്കുകയാണവര്‍.
കാസര്‍കോട് കാമറകള്‍കൊണ്ട് അനാവൃതമാക്കപ്പെട്ട സ്ഥലമാണ്. പ്രശ്‌നസാധ്യത മുന്നില്‍കണ്ടു മുക്കിലും മൂലയിലും കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോഴെന്നല്ല, ഇതിനുമുമ്പും നഗരമധ്യത്തില്‍ നടന്ന കൊലപാതകങ്ങളിലൊന്നില്‍പ്പോലും പ്രതികളെ പിടിക്കാന്‍ ഈ കാമറകള്‍ സഹായിച്ചില്ല. വന്‍തുക ചെലവാക്കി സ്ഥാപിച്ച കാമറകളില്‍ ചിത്രം പതിയുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ആരും താല്‍പ്പര്യം കാണിച്ചില്ല.
ഏറെ അവഗണന നേരിടുന്ന ജില്ലയാണു കാസര്‍കോട്. സംസ്ഥാന സര്‍ക്കാരിന്റെ തിരിഞ്ഞുനോട്ടം പോലുമില്ലാത്ത ജില്ലയായതിനാല്‍ ഇവിടെ സംഭവിക്കാന്‍ പാടില്ലാത്ത അക്രമങ്ങളൊക്കെ സംഭവിക്കുന്നു. അടിക്കടിയുണ്ടാവുന്ന അക്രമങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ ഒരു കാലത്തെ ഭരണകൂടവും കാര്യമായൊന്നും ചെയ്തിട്ടില്ല. സാബിത്തിനെയും സൈനുല്‍ ആബിദിനെയും കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവും ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യവും സര്‍ക്കാര്‍ പാടേ അവഗണിച്ചു. ഇതുതന്നെയാണ് അക്രമികള്‍ക്കു പിന്നെയും ഊര്‍ജം പകരുന്നത്. ഹെല്‍മറ്റ് വേട്ടയുടെ ആവേശംപോലും കാസര്‍കോട്ടെ അക്രമം അടിച്ചമര്‍ത്തുന്നതില്‍ പൊലിസും കാണിച്ചില്ല.
തീര്‍ത്തും വികാരപരമായി ഒരു സമുദായം പെരുമാറിപ്പോകാവുന്ന സന്ദര്‍ഭം ഒഴിവാക്കാന്‍ പൊലിസാണു വിവേകത്തോടെ പ്രവര്‍ത്തിക്കേണ്ടത്. എട്ടു വര്‍ഷക്കാലം ഒരു മഹല്ലിന്റെ ഭാഗമായി പ്രവര്‍ത്തിച്ച അധ്യാപകന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി ആ സ്ഥലത്തുകൊണ്ടുപോകാന്‍ അനുവദിക്കാതിരുന്ന നിലപാട് കടുത്തപ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുമായിരുന്നു. പൊലിസ് ആരെയോ പേടിച്ചാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്ന തോന്നലുളവാക്കാന്‍ ഇതു വഴിവച്ചു.
ഭീരുത്വത്തോടെ പെരുമാറാനാണെങ്കില്‍ പിന്നെന്തിനാണു പൊലിസ്? കലാപത്തിനൊടുവില്‍ സമാധാനയോഗം വിളിച്ച്, എല്ലാവരും സംയമനം പാലിക്കണമെന്നും നടന്നതെല്ലാം മറക്കണമെന്നും പറയാന്‍ വേണ്ടിയാണോ ഭരണകൂടം പ്രവര്‍ത്തിക്കുന്നത്? ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുകയെന്ന പ്രാഥമിക ബാധ്യതയെങ്കിലും സര്‍ക്കാര്‍ നിര്‍വഹിച്ചില്ലെങ്കില്‍ പിന്നെയെന്തിന് ഈ സംവിധാനമെന്നു ജനം തിരിഞ്ഞുനിന്നു ചോദിക്കും.
ഓരോ കൊലപാതകം നടന്നുകഴിഞ്ഞാലും പൊലിസിന്റെ ഭാഗത്തുനിന്നു കാസര്‍കോട്ടെ പത്രക്കാര്‍ക്ക് ഒരു നിര്‍ദേശം ലഭിക്കാറുണ്ട്. വാര്‍ത്തകള്‍ ഹൈലൈറ്റ് ചെയ്തു കൊടുക്കരുതെന്നായിരിക്കും അത്. കലാപം കത്തിപ്പടരാതിരിക്കാന്‍ വേണ്ടിയാണത്രെ അത്. അതുകൊണ്ടുതന്നെ കാസര്‍കോട്ടു നടക്കുന്ന പല സംഭവങ്ങളും പുറംലോകം അറിയാറില്ല. അതിനാല്‍ത്തന്നെ ഒരു സര്‍ക്കാര്‍ സംവിധാനവും അവിടേയ്ക്കു തിരിഞ്ഞുനോക്കാറുമില്ല.
നിരോധനാജ്ഞ പുറപ്പെടുവിച്ചും നഗരത്തെ വിറപ്പിച്ചും റോന്തു ചുറ്റിയുമല്ല അക്രമമുണ്ടാകുന്ന സ്ഥലങ്ങളില്‍ സമാധാനം കൊണ്ടുവരേണ്ടത്. അക്രമികളെ യഥാസമയത്തു കണ്ടുപിടിക്കുകയും ശിക്ഷ ഉറപ്പാകുന്ന തരത്തില്‍ കേസ് ചാര്‍ജ് ചെയ്യുകയുമാണ് പൊലിസ് ആദ്യം ചെയ്യേണ്ടത്. അതാണ് അവരുടെ ഉത്തരവാദിത്വം. കലാപമുണ്ടായശേഷം നടത്തുന്ന സമാധാനയോഗങ്ങള്‍ക്കു പകരം കലാപമുണ്ടാകാതിരിക്കാനും ഉണ്ടായാല്‍ അത് ആളിപ്പടരാതിരിക്കാനും ആവര്‍ത്തിക്കാതിരിക്കാനുമുള്ള നടപടികളാണു ജനം ഭരണകൂടത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."