മേഖ്‌നു ചുഴലിക്കാറ്റ്: യമനില്‍ ബോട്ട് മുങ്ങി 17 പേരെ കാണാതായി; പലയിടത്തും അടിയന്തിരാവസ്ഥ
റിയാദ്: അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ചുഴലികൊടുങ്കാറ്റായി മാറിയതിനെ തുടര്‍ന്ന് യമനില്‍ വിവിധയിടങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ശക്തമായി അടിച്ചു വീശുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നു പല വില്ലേജുകളും വെള്ളത്തിനടിയിലാണ്.
ഉഷ്ണ കൊടുങ്കാറ്റ് അടിച്ചു വീശുന്നതു മൂലം യമനിലെ ഒരു ദ്വീപില്‍ ബോട്ട് മറിഞ്ഞു പതിനേഴു പേരെ കാണാതായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അറേബ്യന്‍ കടലിലെ ദ്വീപിനെയാണ് ന്യൂനമര്‍ദ്ദ കൊടുങ്കാറ്റ് സാരമായി ബാധിച്ചത്. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ട് ഉടന്‍ തന്നെ മുങ്ങുകയായിരുന്നുവെന്നു ഫിഷറീസ് മന്ത്രാലയം വ്യക്തമാക്കിയതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു. സോകോട്ര ദ്വീപില്‍ ശക്തമായ കാറ്റിനെ തുടര്‍ന്നു രണ്ടു കപ്പലുകള്‍ മുങ്ങിയതായും കാണാതായ ആളുകളുടെ എണ്ണം പതിനേഴിന് കവിഞ്ഞതായും യമന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ഫഹദ് കഫൈന്‍ വ്യക്തമാക്കി.
അറേബ്യന്‍ ഉപദ്വീപിലും ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കുമിടയിലുള്ളതാണ് സോകോട്ര ദ്വീപ സമൂഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി യുദ്ധം നടക്കുന്ന യമനില്‍ നിലവില്‍ ഈ ദ്വീപ സമൂഹം ഔദ്യോഗിക ഗവണ്മെന്റിന്റെ കീഴിലാണ്.
"Very Severe Cyclonic Storm Mekunu" in the Arabian Sea will strengthen over the next few days, with sustained winds reaching 100 mph. This is expected to make landfall on Friday night, most likely in southwest Oman pic.twitter.com/ZnMf48vQMo
— Met Office (@metoffice) May 23, 2018
ഇവിടെ ഗ്രാമങ്ങളിലും കുന്നുകളിലും താമസിക്കുന്നവര്‍ക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് സര്‍ക്കാര്‍ വക്താവ് റാജിഹ് ബാദി വാര്‍ത്താ ഏജന്‍സിയായ സാബായോട് പറഞ്ഞു. അതിശക്തമായ കാറ്റിനെത്തുടര്‍ന്നു ഇരുന്നൂറിലധികം കുടുംബങ്ങള്‍ ഇവിടെ നിന്നും പലായനം ചെയ്തിട്ടുണ്ട്.
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദനത്തെ തുടര്‍ന്ന് ശക്തമായ ചുഴലിക്കാറ്റ് തീരത്തേക്കടുക്കുന്നതായും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഒമാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഒമാനിലും യമനിലും തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നും ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ കീഴിലുള്ള ദേശീയ ദുരന്ത സമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സീസണിലെ രണ്ടാമത്തെ ന്യൂന മര്‍ദ്ദമാണ് അറബികടലില്‍ രൂപപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ആഫ്രിക്കയെ ബാധിച്ച ചുഴലിക്കാറ്റ് സൊമാലിയലില്‍ അന്‍പത് പേരുടെ ജീവനെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."