ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
ചങ്ങനാശ്ശേരി:ചങ്ങനാശ്ശേരിയിൽ ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ചങ്ങനാശ്ശേരി തെങ്ങണയിൽ 52 ഗ്രാം ബ്രൗൺ ഷുഗർ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി പശ്ചിമബംഗാൾ മാൾഡ സ്വദേശിയായ മുബാറക് അലിയാണ് എക്സൈസുകാരുടെ പിടിയിലായത്.തെങ്ങണ കവലയിൽ അഥിതി തൊഴിലാളികൾക്കും ഏതാനും ചെറുപ്പക്കാർക്കും ലഹരി വിൽപ്പന നടത്തിക്കൊണ്ടിരിക്കവെ ഇയാള്‍ കൈയോടെ എക്സൈസ് പിടിയിലാവുകയായിരുന്നു.
ചങ്ങനാശ്ശേരി തെങ്ങണ മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. റോഡരികിൽ വെച്ചാണ് ഇയാൾ ലഹരി വസ്തുക്കളുമായി പിടിയിലായത്. ബംഗാളിൽ നിന്ന് മൊത്തമായി എത്തിച്ച ലഹരി വസ്തുക്കൾ ചെറിയ പൊതികളിലാക്കി ആവശ്യക്കാർക്ക് എത്തിക്കുകയായിരുന്നു മുബാറക് അലിയുടെ രീതി. ഇങ്ങനെ നൽകുന്ന ഒരു പൊതിക്ക് 500 രൂപ വീതം വാങ്ങും. തൊഴിലാളിയെന്ന പേരിൽ തെങ്ങണയിൽ വീടെടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നെങ്കിലും ലഹരി വിൽപനയായിരുന്നു പ്രതിയുടെ പ്രധാന പരിപാടി. 35,000 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി.ജിയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ നൗഷാദ് എം, അരുൺ.സി.ദാസ്, പ്രിവന്റീവ് ഓഫീസർ നിഫി ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രശോഭ് കെ.വി, ശ്യാം ശശിധരൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജാത സി.ബി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോഷി എന്നിവരടങ്ങിയ സംഘമാണ് മുബാറക് അലിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."