പാപമോചനത്തിന്റെ ദശദിനങ്ങള്‍
ഇമാം ഖുര്‍ത്വുബി, റബീഅ് ബിന്‍ സ്വബീഹില്‍ നിന്ന് ഉദ്ധരിക്കുന്നു: ഒരാള്‍ ഹസനുല്‍ ബസ്വരിയെ സമീപിച്ച് ക്ഷാമത്തെക്കുറിച്ച് ആവലാതി ബോധിപ്പിച്ചു. ഹസനുല്‍ ബസ്വരി അദ്ദേഹത്തോട് പറഞ്ഞു: 'താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.' മറ്റൊരാള്‍ വന്ന് പട്ടിണിയെക്കുറിച്ച് ആവലാതി പറഞ്ഞു: അദ്ദേഹത്തോട് ഇമാം ഹസനുല്‍ ബസ്വരി പറഞ്ഞു: 'താങ്കള്‍ അല്ലാഹുവോട് പാപമോചനം തേടിക്കൊണ്ടിരിക്കുക.' വേറൊരാള്‍ വന്ന് എനിക്ക് ഒരു കുട്ടി ജനിക്കാന്‍ താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം എന്നാവശ്യപ്പെട്ടു. അയാളോടും ഇമാം ഹസനുല്‍ ബസ്വരി ഇസ്തിഗ്ഫാര്‍ ചെയ്യാന്‍ നിര്‍ദേശിച്ചു. ഇനി വേറെയുമൊരാള്‍ വന്ന് തന്റെ തോട്ടം വരണ്ടുപോയിരിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അദ്ദേഹത്തോടും ഇമാം അതേ ഉത്തരം ആവര്‍ത്തിക്കുകയുണ്ടായി.
അവര്‍ മടങ്ങിയപ്പോള്‍ സദസ്സിലുണ്ടായിരുന്ന റബീഅ്ബ്‌നു സുഹൈബ് (റ) ഹസന്‍(റ)നോട് ചോദിച്ചു: വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിട്ടും എല്ലാവര്‍ക്കും ഒരേ മാര്‍ഗമാണല്ലോ അങ്ങു നിര്‍ദേശിച്ചത്?
ഹസന്‍(റ) പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു:'റബീഅ്, ഞാനവര്‍ക്ക് പരിഹാരം നിര്‍ദേശിച്ചു കൊടുത്തത് വിശുദ്ധ ഖുര്‍ആനില്‍ നിന്നാണ്. പ്രവാചകന്‍ നൂഹ്(അ)നോട് അല്ലാഹു പറഞ്ഞത് താങ്കള്‍ ശ്രദ്ധിച്ചിട്ടില്ലേ? നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനമര്‍ഥിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കവന്‍ സമൃദ്ധമായി മഴവര്‍ഷിപ്പിക്കും. സമ്പത്തും സന്താനങ്ങളും നല്‍കി നിങ്ങളെയവന്‍ സഹായിക്കും. മാത്രമല്ല, നിങ്ങള്‍ക്കായി അവന്‍ തോട്ടങ്ങളും പുഴകളും സജ്ജീകരിക്കും.'
ഈ സൂക്തത്തില്‍ ഇസ്തിഗ്ഫാര്‍ നിര്‍വഹിക്കുന്നതിന്റെ നാല് പ്രയോജനങ്ങള്‍ അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കുക, സന്താനലബ്ധി, സാമ്പത്തിക നേട്ടം, കൃഷിയിലെ വിഭവസമൃദ്ധി. അതുകൊണ്ടാണ് ഞാനവര്‍ക്ക് അങ്ങനെ പരിഹാരം നിര്‍ദേശിച്ചുകൊടുത്തത്. നാലുപേരുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും അവയുടെയെല്ലാം പരിഹാരമാര്‍ഗം ഒന്നുതന്നെയാണ് (ഖുര്‍തുബി).
തെറ്റ് ചെയ്താല്‍ ശിക്ഷിക്കുകയും മാപ്പിരന്നാല്‍ രക്ഷപ്പെടുത്തുകയും ചെയ്യുന്ന നാഥന്‍ നമുക്കുണ്ടെന്ന ബോധ്യമാണ് മാപ്പ്‌തേടാന്‍ പ്രേരകമാകുന്നത്. ചെയ്തുപോയ തെറ്റിനെ ഓര്‍ത്ത് പശ്ചാത്തപിക്കാനും പരിശുദ്ധി നേടാനും നമുക്ക് കിട്ടിയ അവസരം മുതലാക്കണം.
അല്ലാഹു പറയുന്നതായി തിരുനബി (സ) ഉദ്ധരിക്കുന്നു: 'മനുഷ്യാ, ആകാശം മുട്ടെ നീ തെറ്റുകള്‍ ചെയ്തുകൂട്ടിയാലും, എന്നിട്ടെന്നോട് മാപ്പിരന്നാല്‍ അവയെല്ലാം നിനക്കു ഞാന്‍ പൊറുത്തു തരും. ഞാന്‍ പ്രശ്‌നമാക്കില്ല' (തുര്‍മുദി). അത്യുദാരമായി പൊറുക്കുന്ന പടച്ചവന്‍ പാപികള്‍ക്കായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് പുണ്യ റമദാന്‍. വിശിഷ്യാ പാപമോചനത്തിന്റെ ഈ പത്തു ദിനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."