അനുകൂല തീരുമാനമുണ്ടാകുന്നതു വരെ തപാല്‍ സമരം: സംയുക്ത സമരസമിതി
തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനമെടുക്കുന്നത് വരെ തപാല്‍ സമരത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 22ന് ദേശീയതലത്തില്‍ ആരംഭിച്ച പോസ്റ്റല്‍ പണിമുടക്ക് കാരണം പൊതുജനങ്ങള്‍ക്കുണ്ടായ അസൗകര്യവും ബുദ്ധിമുട്ടും പരിഗണിച്ച് സമരം ഒത്തുതീര്‍ക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാകണം. ഗ്രാമീണ തപാല്‍ മേഖലയില്‍ (ജി.ഡി.എസ്) ജോലിയെടുക്കുന്ന ജീവനക്കാരുടെ സേവന വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടാണ് സമരം.
പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ 5,500 തപാല്‍ ഓഫിസുകളും 35 റെയില്‍വെ മെയില്‍ സര്‍വിസ് (ആര്‍.എം.എസ്) ഓഫിസുകളും അഡ്മിനിസ്‌ട്രേറ്റീവ്, അക്കൗണ്ട്‌സ് ഓഫിസുകളും അടഞ്ഞുകിടക്കുകയാണ്. മെയില്‍ ബാഗുകള്‍ വിവിധ ഓഫിസുകളില്‍ കെട്ടികിടക്കുകയാണ്. സ്പീഡ് പോസ്റ്റ് സെന്ററുകള്‍ പ്രവര്‍ത്തനരഹിതമാണ്.
മത്സര പരീക്ഷകളുടെയും സ്‌കൂള്‍, കോളജ് പ്രവേശനത്തോടനുബന്ധിച്ച തപാല്‍ സേവനവും തടസപ്പെട്ടിരിക്കുകയാണ്. പരിഷ്‌ക്കരണത്തിനായി നിയമിച്ച കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശകളോടെ കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെ പ്രക്ഷോഭങ്ങള്‍ നടന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങിയത്.
2016 ജനുവരി ഒന്ന് മുതല്‍ ചുരുങ്ങിയ അടിസ്ഥാനവേതനം പതിനായിരം രൂപയായി ഉയര്‍ത്തുക, ആറ് മാസത്തെ പ്രസവാവധി അനുവദിക്കുക, വര്‍ഷത്തില്‍ 30 ദിവസമെങ്കിലും എല്ലാ ജീവനക്കാര്‍ക്കും അവധി അനുവദിക്കുക, പരമാവധി അഞ്ച് ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ശുപാര്‍ശകള്‍.
ഭാരവാഹികളായ പി.കെ. മുരളീധരന്‍, ജേക്കബ് തോമസ്, എം.എസ് ചന്ദ്രബാബു, ബി.എസ് വേണു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."