മുടി രണ്ടായി പിരിച്ചുകെട്ടാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കരുത്:പ്രധാനാധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍
തിരുവനന്തപുരം: സ്‌കുള്‍ അച്ചടക്കത്തിന്റെ പേരു പറഞ്ഞ് പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടാന്‍ അധ്യാപകള്‍ നിര്‍ബന്ധിക്കരുതെന്ന് ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ പ്രധാനാധ്യാപകര്‍ക്ക് സര്‍ക്കുലര്‍ അയച്ചു. പല സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ എല്ലാ ദിവസവും മുടി രണ്ടായി പിരിച്ചു കെട്ടണമെന്ന് അധ്യാപകര്‍ നിര്‍ബന്ധിക്കുന്നതിനെതിരേ ലഭിച്ച പരാതി പരിശോധിച്ച് കഴിഞ്ഞ വര്‍ഷം ബാലവാകശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.
രാവിലെ കുട്ടികള്‍ കുളിച്ചതിനു ശേഷം ശരിക്കും ഉണങ്ങാതെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചു കെട്ടിയാല്‍ ദുര്‍ഗന്ധം ഉണ്ടാകും. മുടിയുടെ വളര്‍ച്ചയെയും, നിലനില്‍പ്പിനെയും പ്രതികൂലമായി ബാധിക്കും. ഇതു കാരണം പല കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കപ്പെടുന്നതായും കൂടാതെ രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി വേര്‍തിരിച്ച് രണ്ടായി പിരിച്ചു കെട്ടാന്‍ സമയവും പരസഹായവും വേണമെന്നും കമ്മിഷന്‍ അന്ന് നിരീക്ഷിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എല്ലാ പ്രഥമാധ്യാപകര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. കുട്ടികള്‍ക്ക് വിദ്യഭ്യാസവും അച്ചടക്കവും നല്‍കുന്നത് ഭാവിയിലെ നല്ല പൗരന്മാരായി അവരെ വാര്‍ത്തെടുക്കുന്നതിനാണെന്നും അച്ചടക്കത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഇരയാകുന്നില്ലെന്ന് എല്ലാ സ്‌കൂള്‍ അധികൃതരും വിദ്യഭ്യാസ ഓഫിസര്‍മാരും ഉറപ്പു വരുത്തണമെന്നും പൊതു വിദ്യഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."