എടുക്കാത്ത വായ്പ തിരിച്ചടക്കാന്‍ നോട്ടിസ്; വനിതകള്‍ കൂട്ടത്തോടെ ബാങ്കിലെത്തി പ്രതിഷേധിച്ചു
കോഴിക്കോട്: എടുക്കാത്ത വായ്പ തിരിച്ചടയ്ക്കാന്‍ നോട്ടിസ് ലഭിച്ച വനിതാസംഘം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബാങ്കിന്റെ മേഖലാ ഓഫീസിലെത്തി. എന്നാല്‍ കൃത്യമായ മറുപടി നല്‍കാതെ ബാങ്ക് അധികൃതര്‍ ഒഴിഞ്ഞുമാറി. എസ്.എന്‍.ഡി.പി യൂനിയനില്‍ അഫിലിയേറ്റ് ചെയ്ത വനിതാ സ്വാശ്രയ സംഘങ്ങളുടെ അംഗങ്ങളുടെ പേരിലാണ് നോട്ടിസ് ലഭിച്ചത്.
കക്കോടി പഞ്ചായത്തിലെ എസ്.എന്‍.ഡി.പി മക്കട ശാഖയുടെ കീഴിലുള്ള ഗുരുപ്രഭ വനിതാ സ്വാശ്രയ സംഘം, ചക്കോരത്തുകുളം വയല്‍വാരം സ്വാശ്രയ സംഘം എന്നിവയുടെ പേരിലാണ് ലക്ഷക്കണക്കിനു രൂപയുടെ കുടിശിക അടയ്ക്കാനുണ്ടെന്ന് കാണിച്ച് ധനലക്ഷ്മി ബാങ്കിന്റെ തുശൂര്‍ ഓഫിസില്‍ നിന്ന് കത്തുവന്നത്. 2013 നവംബര്‍ ആറിനു യൂനിയന്‍ 66.66 ലക്ഷം രൂപ ധനലക്ഷ്മി ബാങ്കില്‍ നിന്നു വായ്പയെടുത്തിട്ടുണ്ടെന്നും അതില്‍ ഗുരുപ്രഭ വനിതാ സ്വാശ്രയ സംഘത്തിനു 3.84 ലക്ഷം രൂപ നല്‍കിയതായും കത്തില്‍ പറയുന്നു. 8,81,441 രൂപ കുടിശിക അടയ്ക്കാനുണ്ടെന്നും അത് ഒരാഴ്ചയ്കക്കം അടയ്ക്കണമെന്നുമാണ് നോട്ടിസില്‍ പറയുന്നത്. എന്നാല്‍ ഈ സംഘം ഇത്തരമൊരു വായ്പ എടുത്തിട്ടില്ലെന്ന് സംഘാംഗങ്ങള്‍ എലത്തൂര്‍ പൊലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
2007-ല്‍ രണ്ടു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. അത് 2011-ല്‍ അടച്ചുതീര്‍ത്തയായി അവര്‍ പറഞ്ഞു.വയല്‍വാരം സംഘത്തിനും കിട്ടിയ നോട്ടിസില്‍ 2.01,000 രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇതില്‍ 8,81,441 രൂപ കുടിശിക അടയ്ക്കാനുണ്ടെന്നും പറയുന്നു.
ഇവര്‍ ധനലക്ഷ്മി ബാങ്കില്‍ നിന്ന് വായ്പയെടുത്തിരുന്നുവെങ്കിലും 2016-ല്‍ അടച്ചുതീര്‍ത്തതായി കണ്‍വീനര്‍ സോയ അനീഷ് പറഞ്ഞു. പിന്നീട് വായ്പ എടുത്തിട്ടില്ല. എടുക്കാത്ത വായ്പക്കാണ് നോട്ടിസ് കിട്ടിയത്. നോട്ടിസ് കിട്ടിയവര്‍ ഇന്നലെ വൈകുന്നേരം ധനലക്ഷ്മി ബാങ്കിന്റെ കോഴിക്കോട് മേഖലാ ഓഫിസില്‍ എത്തി. എന്നാല്‍ തനിക്കൊന്നും അറിയില്ലെന്ന നിലപാടാണ് റീജ്യനല്‍ മാനേജര്‍ സ്വീകരിച്ചത്. വായ്പക്ക് അപേക്ഷ നല്‍കുകയും പണം സ്വീകരിക്കുകയും ചെയ്ത ആളുടെ പേര് വെളിപ്പെടുത്തണമെന്ന് നോട്ടിസ് ലഭിച്ചവര്‍ ആവശ്യപ്പെട്ടെങ്കിലും ബാങ്കിന്റെ ഇടപാട് പരസ്യമാക്കാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."