പൊതുപരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കണം: കലക്ടര്‍
കല്‍പ്പറ്റ: സര്‍ക്കാര്‍ ഓഫിസുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന പരിപാടികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി.എസ് തിരുമേനി അറിയിച്ചു. പൊതുജനങ്ങള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതോടൊപ്പം അതത് സ്ഥാപനങ്ങള്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കി മാതൃക കാണിക്കണം.
പല പൊതുസ്ഥാപനങ്ങളുടെയും പരിപാടികളില്‍ പേപ്പര്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഫ്‌ളക്‌സ് ബോര്‍ഡുകള്‍, വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിന് പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ പൂക്കള്‍ തുടങ്ങിയവ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് കലക്ടറുടെ നിര്‍ദേശം.
ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പുനഃചംക്രമണത്തിന് വിധേയമാക്കുകയും ചെയ്യുക എന്ന മാലിന്യ സംസ്‌കരണ നയമാണ് സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിച്ചുവരുന്നത്. എന്നാല്‍ വ്യാപകമായി മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനാകില്ല.
ഈ പരിമിതി നിലനില്‍ക്കുന്നതിനാല്‍ അജൈവ മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്നത് പ്രധാനമാണ്. പൊതുചടങ്ങുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാല്‍ പരമാവധി മാലിന്യം കുറയ്ക്കാനാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."