മലേഷ്യന്‍ വിമാനം തകര്‍ത്തത് റഷ്യന്‍ മിസൈല്‍ തന്നെ
ക്വാലാലംപൂര്‍: 2014ല്‍ ഉക്രൈനിലുണ്ടായ മലേഷ്യന്‍ വിമാനദുരന്തത്തിനു പിന്നില്‍ റഷ്യന്‍ മിസൈലെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സൈന്യത്തിന്റെ മിസൈല്‍ പതിച്ചാണ് എം.എച്ച് 17 മലേഷ്യന്‍ യാത്രാവിമാനം തകര്‍ന്നതെന്ന് രാജ്യാന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
2014 ജൂലൈ 17നായിരുന്നു ലോകത്തെ നടുക്കിയ ആകാശദുരന്തമുണ്ടായത്. ആംസ്റ്റര്‍ഡാമില്‍ നിന്ന് ക്വാലാലംപൂരിലേക്കു തിരിച്ച മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 യാത്രാവിമാനം സംഘര്‍ഷ മേഖലയായ കിഴക്കന്‍ ഉക്രൈനില്‍ തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 298 പേരാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ നേരത്തെ തന്നെ റഷ്യക്കെതിരേ ആരോപണമുയര്‍ന്നിരുന്നു. റഷ്യയുടെ ബൂക് മിസൈല്‍ ആക്രമണത്തിലാണ് വിമാനം തകര്‍ന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, തങ്ങള്‍ക്കു സംഭവത്തില്‍ പങ്കില്ലെന്നായിരുന്നു റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചത്.
ഇന്നലെ നെതര്‍ലന്‍ഡ്സ് തലസ്ഥാനമായ ഹേഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോട്ടോ, വിഡിയോ തെളിവുകള്‍ പുറത്തുവിട്ടു. ബൂക് മിസൈല്‍ സംവിധാനം ഉപയോഗിച്ച് വിമാനത്തിനുനേരെ മിസൈല്‍ തൊടുക്കുകയായിരുന്നുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പടിഞ്ഞാറന്‍ റഷ്യയിലെ കുര്‍സ്ക് കേന്ദ്രമായുള്ള 53-ാമത് വ്യോമവേധ മിസൈല്‍ സംവിധാനത്തില്‍നിന്നാണു വിമാനത്തിനെതിരേ ആക്രമണമുണ്ടായത്.
ഡച്ച് പ്രോസിക്യൂട്ടര്‍മാര്‍, ആസ്ത്രേലിയ, മലേഷ്യ, ഉക്രൈന് എന്നിവിടങ്ങളില്‍നിന്നുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംയുക്ത അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍, റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപണങ്ങള്‍ നിഷേധിച്ചു. റഷ്യന്‍ മിസൈലുകള്‍ ഒരിക്കലും ഉക്രൈന് അതിര്‍ത്തി കടന്നിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."