ഉപ്പുങ്ങല്‍-ചങ്ങരംകുളം റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം
ചങ്ങരംകുളം: ഉപ്പുങ്ങല്‍ - ചങ്ങരംകുളം റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്ന് ആക്ഷേപം. കഴിഞ്ഞയാഴ്ച ടാര്‍ ചെയ്ത റോഡിലെ മെറ്റല്‍ മിക്കയിടത്തും ഇളകി തെറിച്ച നിലയിലാണ്. ജില്ലാ അതിര്‍ത്തിയായ ഉപ്പുങ്ങല്‍ക്കടവ് മുതല്‍ ചങ്ങരംകുളം വരെയുള്ള ആറ് കിലോമീറ്ററില്‍ മൂന്നേകാല്‍ കിലോമീറ്റര്‍ ദൂരമാണ് റോഡ് ടാര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ടാറിങ് കഴിഞ്ഞ അടുത്ത ദിവസം തന്നെ ടാറും മെറ്റലും അടര്‍ന്നു. ചില ഭാഗങ്ങളില്‍ മെറ്റര്‍ അടര്‍ന്ന് പഴയ റോഡിന്റെ ഭാഗം വരെ കണ്ടു തുടങ്ങിയിട്ടുണ്ട്. റോഡിന്റെ വളവുകളില്‍ മെറ്റല്‍ പരന്ന നിലയിലാണ്.
ഇത് അപകടത്തിനു കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. അപകടം ഒഴിവാക്കാന്‍ വളവില്‍ ചിതറികിടക്കുന്ന മെറ്റല്‍ അടിച്ചു വാരിയെടുക്കുന്നുണ്ട്. റോഡ് നിര്‍മാണത്തില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ആവശ്യത്തിനു ടാര്‍ ഉപയോഗിക്കാത്തതും ടാര്‍ - മെറ്റല്‍ കൂട്ടിചേര്‍ക്കുന്നതിലെ അപാകതയുമാണ് റോഡ് പൊളിയാന്‍ കാരണമായി പറയുന്നത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ വകുപ്പ് മന്ത്രിക്കും മരാമത്ത് എന്‍ജിനീയര്‍ക്കും പരാതി നല്‍കി.
ആറ് വര്‍ഷത്തിനിടെ രണ്ടു തവണ മുഴുവന്‍ ടാറിങ് നടത്തിയിട്ടും റോഡിന്റെ അവസ്ഥ ശോചനീയമാണെന്നും നാട്ടുകാര്‍ പറഞ്ഞു. റോഡില്‍ ഒരു തവണ കൂടി ടാര്‍ ചെയ്യാനുണ്ടെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ പറഞ്ഞു.
എന്നാല്‍ നിലവിലെ ടാറിങ് പൊളിഞ്ഞതിനു ഇതു ന്യായീകരണമല്ലെന്നും റോഡ് വീണ്ടും ടാര്‍ ചെയ്യണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. മൂന്ന് മാസം മുന്‍പാണ് റോഡിന്റെ നിര്‍മാണം ആരംഭിച്ചത്. ഉപ്പുങ്ങല്‍ റോഡില്‍ ടാറിങിനു പുറമെ കലുങ്ക്, കാന എന്നിവയും ചങ്ങരംകുളം ടൗണ്‍ റോഡിന്റെ 400 മീറ്റര്‍ ടാറിങും ഉള്‍പ്പെട്ടതാണ് പദ്ധതി. പുന്നയൂര്‍ക്കുളം ഭാഗത്ത് നിന്നു ചങ്ങരംകുളം, എടപ്പാള്‍, കോഴിക്കോട് ഭാഗത്തേക്ക് എളുപ്പ വഴിയായതിനാല്‍ യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."