എഫ്.സി.ഐ ഗോഡൗണില്‍ തൊഴില്‍ തര്‍ക്കത്തിന് പരിഹാരമായി
കരുനാഗപ്പള്ളി: ഇന്നലെ രാവിലെ മുത1ല്‍ എഫ്.സി.ഐ ഗോഡൗണില്‍ ചരക്കിറക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തിലേക്കും ഉപരോധത്തിലേക്കും എത്തിയെങ്കിലും വൈകുന്നേരത്തോടെ ചര്‍ച്ച ചെയ്ത് പരിഹാരമായി. നിലവിലുള്ള അംഗീകൃത സംഘടനകളെ ഒഴിവാക്കി കരാറുകാരന്‍ ഏകപക്ഷീയമായി പുതുതായി വന്ന രണ്ട് തൊഴിലാളി സംഘടനകള്‍ക്ക് ചരക്കിറക്കാന്‍ അനുമതി നല്‍കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിഹാരമായത്. ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന എസ്.റ്റി.യു, ഐ.എന്‍.റ്റി.യുസി, സി.ഐ.റ്റി.യു, എ.ഐ.റ്റി.യു.സി, യു.റ്റി.യു.സി തുടങ്ങിയ എട്ടോളം സംഘനടകളെ ഒഴിവാക്കിയാണ് രണ്ട് തൊഴിലാളി സംഘടനകള്‍ക്ക് അനുമതി നല്‍കിയത്. ഇതറിഞ്ഞ് തൊഴിലാളികള്‍ സംഘടിച്ചെത്തുകയും വാഗണില്‍ നിന്ന് ചരക്കിറക്കാനുള്ള ശ്രമം തടയുകയും ചെയ്തു. ഇത് നേരിയ തോതില്‍ സംഘര്‍ഷത്തിന് ഇടയാക്കി.
പൊലിസെത്തി ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഗോഡൗണിന്റെ ഗേറ്റ് ഉപരോധിച്ചു. തുടര്‍ന്ന് കരാറുകാരന്‍ ഗസ്റ്റ്ഹൗസ് ഹാളില്‍ വിളിച്ച് ചേര്‍ത്ത ചര്‍ച്ചയില്‍ നിലവില്‍ അംഗീകാരമുള്ള മുഴുവന്‍ സംഘടനകളില്‍ നിന്നും എണ്‍പത് പേര്‍ക്കും കരാറുകാരന്റെ അനുവാദത്തോടെ പുതുതായി വന്ന രണ്ട് തൊഴിലാളി സംഘടനകളില്‍ നിന്ന് ഒന്‍പത് പേര്‍ക്കും ചരക്കിറക്കാന്‍ അവസരം നല്‍കി. വര്‍ഷങ്ങളോളം നിലനിന്നിരുന്ന കൂലിത്തര്‍ക്കത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞതായി തൊഴിലാളി നേതാക്കള്‍ പറഞ്ഞു. തൊഴിലാളി സംഘടനാ നേതാക്കളായ എ.എ.സലാം, ഷാജി മാമ്പള്ളി, എം.എസ്.ഷൗക്കത്ത്, ചിറ്റുമൂല നാസര്‍, ശശിധരന്‍പിള്ള, മുഹമ്മദ്കുഞ്ഞ് മുടിയില്‍, രാജീവ്, ദിവാകരന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."