തൃക്കാക്കരയില്‍ കേറ്ററിങ് യൂനിറ്റുകളില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി
കാക്കനാട്: തൃക്കാക്കര നഗരസഭ പ്രദേശങ്ങളിലെ കാറ്ററിങ് യൂനിറ്റുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം പരിശോധന നടത്തി. അത്താണി, തെങ്ങോട്, ഇടച്ചിറ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ഇതേതുടര്‍ന്ന് കാറ്ററിങ്ങ് സ്ഥാപനങ്ങളിലെ ഒരെണ്ണം അടച്ചുപൂട്ടുകയും മൂന്നെണ്ണത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു.
എറണാകുളത്തെ പ്രമുഖ ഹോട്ടലുകളിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന കാക്കനാട് അത്താണിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് യൂനിറ്റാണ് നഗരസഭ അടച്ചുപൂട്ടിച്ചത്. ആഴ്ചകള്‍ പഴക്കമുള്ള ചിക്കന്‍, ബീഫ് കറി, ബീഫ് ഫ്രൈ,ചിക്കന്‍ 65 ,ചിക്കന്‍ വറുത്തത്,ജ്യൂസിന് ഉപയോഗിക്കുന്ന പഴകിയ പൈനാപ്പിള്‍, ചെറുനാരങ്ങ, നെയ്ച്ചോറ്, മസാലക്കൂട്ട്, ദോശമാവ്, മീന്‍കറി, പഴകിയ എണ്ണ, മസാല, തുടങ്ങി ഇരുപതോളം സാധനങ്ങളാണ് പിടിച്ചെടുത്തത്.
കാക്കനാട് വാഴക്കാല, ചെമ്പുമുക്ക് പ്രദേശങ്ങളിലെ ഹോസ്റ്റലുകളില്‍ പഴകിയ ഭക്ഷണങ്ങള്‍ നല്‍കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നാല് ഹോസ്റ്റലുകള്‍ പരിശോധിക്കുകയും അടച്ചുപൂട്ടാന്‍ നോട്ടീസ് കൊടുക്കുകയും ചെയ്തു. അടുക്കളയിലെ രൂക്ഷമായ ദുര്‍ഗന്ധം മൂലം പരിശോധന പോലും അസാധ്യമായിരുന്നെന്ന് പ്രാഥമികാരോഗ്യ കേന്ദ്രം അധികൃതര്‍ പറഞ്ഞു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പേഴ്സന് ഷബ്ന മെഹര്‍ അലി, നഗരസഭ ആരോഗ്യ വിഭാഗം ഇന്‍സ്പെക്ടര്‍ വിജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."