സി.പി.എം - സി.പി.ഐ ചേരിപ്പോരില്‍ അഞ്ചുരുളി സൗന്ദര്യോത്സവം കലങ്ങി: ബോട്ടിങ് നിരോധിച്ച് വീണ്ടും വനം വകുപ്പ്
കട്ടപ്പന: സി. പി. എം - സി. പി. ഐ ചേരിപ്പോരില്‍ അഞ്ചുരുളി സൗന്ദര്യോത്സവം കുളമായി. അഞ്ചുരുളിയില്‍ ഇടുക്കി ജലാശയത്തിലൂടെയുള്ള ബോട്ടിങ് വീണ്ടും വനം വകുപ്പ് തടഞ്ഞതോടെ ഫെസ്റ്റ് അനിശ്ചിതത്വത്തിലായി.
അവധിക്കാലം ആഘോഷമാക്കാന്‍ എത്തിയ നൂറുകണക്കിന് സന്ദര്‍ശകര്‍ ഇതോടെ നിരാശരായി മടങ്ങുകയാണ്. വന്‍ പ്രചാരണത്തോടെ സംഘടിപ്പിച്ച സൗന്ദര്യോത്സവത്തില്‍ പ്രഖ്യാപിത ഹെലികോപ്റ്റര്‍ യാത്ര മുടങ്ങിയതിനു പിന്നാലെയാണ് ബോട്ടിങ്ങും നിലച്ചത്. മൂന്നു ദിവസം ഉണ്ടാകുമെന്നറിയിച്ചിരുന്ന ഹെലികോപ്റ്റര്‍ സംഘാടകരുടെ പിഴവുകള്‍മൂലമാണ് നടക്കാതിരുന്നതെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സി.പി. ഐ ഭരിക്കുന്ന വനം വകുപ്പ് ഫെസ്റ്റിലെ ബോട്ടിങ് തടഞ്ഞത്. ഹൈറേഞ്ചിലെ അനൗദ്യോഗിക വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രമുഖസ്ഥാനത്തുള്ള അഞ്ചുരുളിയില്‍ സി. പി. എമ്മിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് കമ്മിറ്റി മുന്‍നിരയില്‍നിന്ന് സംഘടിപ്പിക്കുന്നതാണ് അഞ്ചുരുളി സൗന്ദര്യോത്സവം. ഏതാണ്ട് പൂര്‍ണമായും സിപിഎം നിയന്ത്രണത്തിലാണ് ഫെസ്റ്റ് സംഘാടക സമിതിയെന്നാണ് ആരോപണം. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത ഫെസ്റ്റില്‍ രണ്ടു ബോട്ടുകള്‍ ആദ്യ രണ്ട് ദിനങ്ങളില്‍ ജലാശയത്തിലൂടെ സര്‍വീസ് നടത്തിയെങ്കിലും അനുമതിയില്ലാതെ ബോട്ടിങ് പാടില്ലെന്നറിയിച്ച് വനം വകുപ്പ് രംഗത്തെത്തിയതോടെ ബോട്ട് സവാരി നിലച്ചു. ഇതിനു പിന്നാലെ പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജിന്റെ നേതൃത്വത്തില്‍ കാഞ്ചിയാര്‍ ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.
സംഭവത്തില്‍ 15ഓളം പേര്‍ക്കെതിരേ കേസ് നിലവിലുണ്ട്. സംഘര്‍ഷത്തിനൊടുവില്‍, വനം വകുപ്പിന്റെ അനുമതി ലഭിച്ചതായി അറിയിച്ച് പിറ്റേന്നുമുതല്‍ വീണ്ടും ബോട്ടിങ് ആരംഭിച്ചു. ഇടുക്കി ടൂറിസം മേഖലയില്‍ 31വരെ ബോട്ടിങ് അനുവദിച്ചതായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജലയാത്ര പുനഃരാരംഭിച്ചത്.
ചൊവ്വാഴ്ചയാണ് യാത്ര തടഞ്ഞ് വീണ്ടും വനം വകുപ്പ് എത്തിയത്. ഇടുക്കി ടൂറിസം മേഖലയില്‍ അഞ്ചുരുളി ഉള്‍പ്പെടുന്നില്ലെന്നും ബോട്ടിങ് അനുവദിച്ചിരിക്കുന്നത് ഇടുക്കി ഡാം മേഖലയിലാണെന്നുമാണ് വനം ഉദ്യോഗസ്ഥരുടെ നിലപാട്. അഞ്ചുരുളി ടൂറിസ്റ്റ് കേന്ദ്രമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇടുക്കി പദ്ധതിയുടെ ഭാഗമായ ഇരട്ടയാര്‍ ഡാമില്‍നിന്നുള്ള ജലം തുരങ്കത്തിലൂടെ ഇടുക്കി ജലാശയത്തില്‍ വന്നു പതിക്കുന്ന ഭാഗമാണ് അഞ്ചുരുളി. ചുറ്റുമുള്ളത് വനഭൂമിയാണ്. എം. എം മണിയുടെ സ്വാധീനത്തിന്റെ പിന്‍ബലത്തിലാണ് സംഘാടക സമിതി ബോട്ടിങ് നടത്തിയതെന്നാണ് ആക്ഷേപമുയരുന്നത്.
മുന്‍വര്‍ഷങ്ങളില്‍ ഫെസ്റ്റില്‍ ബോട്ടിങ് അനുവദിച്ചിരുന്നതിനാല്‍ ഇത്തവണയും അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എം. എം മണി വനം വകുപ്പിന് നേരത്തെ കത്ത് നല്‍കിയിരുന്നതായും അനുമതി ലഭിച്ചതായും സംഘാടക സമിതി അറിയിച്ചിരുന്നു. എന്നാല്‍ വനം വകുപ്പ് രണ്ടാം തവണയും സ്റ്റോപ് മെമ്മോ നല്‍കിയതിലൂടെ സംഘാടക സമിതിയുടെ അവകാശവാദങ്ങള്‍ പൊളിയുകയാണ്. സൗന്ദര്യോത്സവം ജനങ്ങള്‍ക്ക് ഗുണകരമാകുമായിരുന്നെങ്കിലും സംഘാടകരുടെ പിഴവ് വിനയായി. മൂന്നു ദിവസത്തെ ഹെലികോപ്റ്റര്‍ യാത്രയാണ് പ്രഖ്യാപിച്ചിരുന്നത്. ലബ്ബക്കട ജെ. പി. എം കോളജ് ഗ്രൗണ്ടാണ് ഹെലിപാഡായി നിശ്ചയിച്ചത്. എന്നാല്‍ സമീപത്ത് 11. കെ. വി വൈദ്യുതി ലൈന്‍ ഉള്ളതിനാല്‍ ഹെലിപാഡ് മാറ്റി നിശ്ചയിക്കേണ്ടിവന്നു. സ്വരാജ് സയണ്‍ സ്‌കൂള്‍ ഹെലിപാഡിനായി തെരഞ്ഞെടുത്തെങ്കിലും അനുമതി വാങ്ങാത്തതിനാല്‍ മധുരയില്‍നിന്നെത്തിയ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യാതെ മടങ്ങി. ഇടുക്കിയില്‍ നാളുകളായി തുടരുന്ന സി. പി. എം സി. പി. ഐ പോരിന്റെ ബാക്കിപത്രമാണ് അഞ്ചുരുളി ഫെസ്റ്റില്‍ ദൃശ്യമാകുന്നതെന്നാണ് ആക്ഷേപം. ഇതേസമയം സി. പി. ഐക്കെതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സംഘാടക സമിതി കാഞ്ചിയാറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ബോട്ടിങ് നിരോധിച്ചതിനെതിരേയാണ് സത്യാഗ്രഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."