ഇതര സംസ്ഥാന തൊഴിലാളികളുടെ തള്ളിക്കയറ്റം ആരോഗ്യരംഗത്ത് സംസ്ഥാനം ഉണ്ടാക്കിയ നേട്ടങ്ങള്‍ ഭീഷണിയില്‍
പാലക്കാട് : ഇതര സംസ്ഥാന തൊഴിലാളികളുടെ അനിയന്ത്രിതമായ തള്ളിക്കയറ്റവും, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും മൂലം വര്‍ഷങ്ങള്‍കൊണ്ടു സംസ്ഥാനം ആരോഗ്യരംഗത്തുണ്ടാക്കിയെടുത്ത നേട്ടങ്ങളും സുരക്ഷയും വന്‍ഭീഷണി നേരിടുന്നതായി ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ലോകത്ത് ക്ഷയരോഗ ബാധയേല്‍ക്കുന്ന നാലിലൊരാള്‍ ഇന്ത്യക്കാരനാണെന്ന ലോകാര്യരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കു മുന്‍പ് പുറത്തുവന്നിരുന്നു. ഇതില്‍ തന്നെ ക്ഷയരോഗ മുക്തിയില്‍ കേരളം മുന്നിലാണെന്നും ഇതേ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപുറകേയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേന ഒരിക്കല്‍ കേരളത്തില്‍ നിന്നും തുടച്ചുനീക്കിയ പല മാരക രോഗങ്ങളും തിരിച്ചുവരുന്നതിന്റെ സൂചനകള്‍ ആരോഗ്യവകുപ്പ് തന്നെ പുറത്തുവിട്ടിരിക്കുന്നത്.
ക്ഷയരോഗം, മലേറിയ, മന്ത് പോലുള്ള പകരുന്ന പല രോഗങ്ങളും ഇതര സംസ്ഥാന തൊഴിലാളികളിലൂടെ സംസ്ഥാനത്ത് തിരിച്ചുവരുന്നതിന്റെ കൃത്യമായ സൂചനകളാണ് ആരോഗ്യവകുപ്പിലെ ഉത്തരവാദപ്പെട്ടവര്‍ തന്നെ വ്യക്തമാക്കുന്നത്. ദേശീയതലത്തില്‍ ജനസംഖ്യയുടെ 40 ശതമാനം പേര്‍ ക്ഷയരോഗബാധിതരാകുന്നുവെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ ആരോഗ്യ സര്‍വ്വേയില്‍ വ്യക്തമാക്കുന്നത്. ഓരോ ദിവസവും ആറായത്തിലധികം പേര്‍ ക്ഷയരോഗികളാണെന്ന് സ്ഥിരീകരിക്കപ്പെടുകയും 600 ലധികം പേര്‍ ഈ രോഗം മൂലം മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ ഓരോ അഞ്ചുമിനിറ്റിലും രണ്ടുപേര്‍ മരിക്കുന്നുവെന്നും രേഖയിലുണ്ട്. ഇതോടൊപ്പം ഓരോ വര്‍ഷവും 22 ലക്ഷം ക്ഷയരോഗികള്‍ ഉണ്ടാകുന്നുണ്ട്. ഇതില്‍ 10 ലക്ഷവും കഫത്തില്‍ നിന്നും പകരുന്ന ക്ഷയരോഗം ബാധിക്കുന്നവരാണ്. അതായത് ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ 195 കഫത്തില്‍ നിന്നുള്ള ക്ഷയരോഗ ബാധയേല്‍ക്കുന്നവരുണ്ടാകുന്നുവെന്നതാണ് സാഹചര്യം. ഇത്തരം അന്തരീക്ഷത്തില്‍ ജീവിക്കുന്നവരെന്നു കണ്ടെത്തിയിട്ടുള്ള ബംഗാള്‍, ആസ്സാം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന തൊഴിലാളികളിലൂടെ ഒരിക്കല്‍ മുക്തിനേടിയ പലരോഗങ്ങളും തിരികെയത്തുന്ന സാഹചര്യമുണ്ടാകുന്നുവെന്നാണ് മുന്നറിയിപ്പ്. കേരളത്തിലേക്കെത്തുന്ന ഇതര സംസ്ഥാനതൊഴിലാളികള്‍ 98 ശതമാനവും ട്രെയിന്‍മാര്‍ഗമാണ് കേരളത്തിലെത്തുന്നത്.
സംസ്ഥാനത്തേക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ പാലക്കാട് റെയില്‍വെ സ്റ്റേഷനും, മംഗലാപുരം വഴിയെത്തുന്നവര്‍ ഷൊര്‍ണൂര്‍ വഴിയുമാണ് കേരളത്തിലെത്തുന്നത് എന്നതിനാല്‍ പാലക്കാട് രോഗങ്ങളുടെകൂടി പ്രവേശനകവാടമാകുകയാണ്. സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ കര്‍ശന ആരോഗ്യപരിശോധന നടത്തുകയൊ, ഇവര്‍ സ്വന്തം നാട്ടില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ തന്നെ ആരോഗ്യപരിശോധനകള്‍ നടത്തി പകര്‍ച്ച വ്യാധികളില്ലെന്നു വ്യക്തമാക്കുന്ന ഹെല്‍ത്ത് കാര്‍ഡ് അല്ലെങ്കില്‍ രേഖ കയ്യില്‍ കരുതുകയൊ ചെയ്യുന്ന സാഹചര്യം അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നാണ് ഇക്കാര്യത്തിലുള്ള ഏക പോംവഴിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതില്‍ രണ്ടാമത്തെ നിര്‍ദേശമാണ് കൂടുതല്‍ പ്രായോഗികമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാത്ത പക്ഷം പകര്‍ച്ച വ്യാധികളുടെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹബ് ആയി കേരളം മാറുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."