മിഷേലിന്റെ മരണം: ക്രോണിനെതിരേ പോക്സോ ചുമത്തി
കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേലിന്റെ മരണത്തില്‍ റിമാന്‍ഡിലായ ക്രോണിന് അലക്സാണ്ടറിനെതിരേ പോക്സോ ചുമത്തി. പ്രായപൂര്‍ത്തിയാകും മുന്‍പ് മിഷേലിനെ ഉപദ്രവിച്ചിരുന്നുവെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു പോക്സോ കുറ്റം ചുമത്തിയത്. നേരത്തെ ക്രോണിനെതിരേ പൊലിസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരുന്നു.
ഈ വര്‍ഷം ജനുവരിയിലാണു മിഷേല്‍ ഷാജിക്ക് 18 തികഞ്ഞത്. എന്നാല്‍, രണ്ടു വര്‍ഷമായി മിഷേലുമായി അടുപ്പത്തിലായിരുന്നെന്ന് ക്രോണിന് പൊലിസിന് മൊഴി നല്‍കിയിരുന്നു. ഈ കാലയളവില്‍ മിഷേലിനെ ക്രോണിന് ഉപദ്രവിച്ചിരുന്നുവെന്നു പൊലിസ് കണ്ടെത്തിയിരുന്നു. ക്രോണിന്റേയും മിഷേലിന്റേയും സുഹൃത്തുക്കളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് പോക്സോ ചുമത്താന്‍ തീരുമാനിച്ചത്. ഇക്കാര്യം കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണസംഘം കോടതിക്കു റിപ്പോര്‍ട്ട് നല്കി.
മാര്‍ച്ച് ആറിനാണു മിഷേല്‍ ഷാജിയുടെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തിയത്. പാലാരിവട്ടത്തെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുകയായിരുന്ന മിഷേല്‍ തലേന്ന് വൈകിട്ട് കലൂരിലെ പള്ളിയില്‍ പോയതിന് ശേഷം കാണാതാകുകയായിരുന്നു.
പള്ളിയില്‍ നിന്നിറങ്ങിയ മിഷേല്‍ ഗോശ്രീ പാലത്തിലേക്ക് നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, മിഷേലിന്റെ ഫോണും ബാഗും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."